എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല !അവളോ?റീമ അഗർവാൾ !
എങ്ങിനെ കിട്ടി എന്റെ ഇ-മെയിൽ വിലാസം.
അതും 12 വർഷങ്ങൾക്ക് ശേഷം.
എന്റെ ജി-മെയിൽ ഐഡിക്ക്
മൂന്നു വർഷം മാത്രമെ പഴക്കമുള്ളൂ.
റീമ അഗർവാൾ!
ഒരു കമ്പ്യൂട്ടർ അദ്ധ്യാപകന്റെ വേഷം കെട്ടിയ കാലഘട്ടം
ഇന്റർനെറ്റ് ഇ-മെയിൽ സംവിധാനങ്ങളൊക്കെ
ആയിവരുന്നതെയുള്ളൂ.
അന്നു ഫോക്സ് പ്രോ എന്ന ഡാറ്റാ ബേസ്, സി പ്ലസ്
എന്നിവയാണ് അവളുടെ കോഴ്സിൽ.
ഫ്ലോ ചാർട്ട് വരക്കാതെ നേരിട്ട്
പ്രോഗ്രാമെഴുതുന്ന സുന്ദരി!
ആരോടും അധികം ഇടപെഴകാതെ ,
നല്ല ഒതുക്കത്തോടെ
ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്ന
ഒരു പാവം..പഠിത്തക്കുട്ടി..
മറ്റുള്ള കുട്ടികളെപ്പോലെ ഏണിപ്പടിയിൽ നിന്നുള്ള
ലീലാ വിലാസങ്ങളിൽ നിന്നും വിമുക്ത..
ലിഫ്റ്റിൽ അവൾ കയറുക പോലുമില്ല !!
അവൾക്ക് യാഹൂവിൽ ഒരു ഇ-മെയിൽ വിലാസം
സൌജന്യമായി ഉണ്ടാക്കി കൊടുത്തത് ഞാനാണ്.
പാസ് വേർഡായി ഇഷ്ടമുള്ളത് ടൈപ്പ് ചെയ്യാൻ
പറഞ്ഞപ്പോൾ ,
“ സാറിന്റെ പേരു തന്നെ ഇരിക്കട്ടെ എന്നവൾ പറഞ്ഞു.”
ചിലന്തിവലകളുടെ ലോകത്തിൽ എനിക്കു കിട്ടിയ
ആദ്യത്തെ അംഗീകാരം!
ആദ്യത്തെ മെയിൽ കിട്ടിയപ്പോൾ അവളുടെ മുഖത്തെ
ആ ആരാധന കലർന്ന ചിരി ഇന്നും ഞാനോർക്കുന്നു
അറ്റാച്ച് മെന്റ് തുന്നിച്ചേർക്കുന്ന വിദ്യ കൂടി ഞാൻ
കാണിച്ചു കൊടുത്തപ്പോൾ എന്നിൽ അവൾ ഒരു
ബിൽ ഗേറ്റ്സിനെ കണ്ടു.
“സാർ..ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല”
അക്കാലത്ത് എന്റെ യാഹൂ ഇൻ ബോക്സ്
അവളുടെ ഫോർവാർഡെഡ് മെയിലുകൾ കൊണ്ട്
അലങ്കരിക്കപ്പെട്ടിരുന്നു.
ദൈവവചങ്ങൾ….ജീവിത്തത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ..
ഉൾപ്പെടുന്ന ചില പവർ പോയന്റ് പ്രസന്റേഷനുകൾ..
ട്യൂട്ടർ മാരായ ജയരാജിനും
ട്രീസാ തോമസിനും കിട്ടാത്ത ഒരു ഭാഗ്യം.
വിഷ്വൽ ബേസിക്കിൽ നല്ലൊരു
പ്രോജക്റ്റും ചെയ്ത്
കോഴ്സും കഴിഞ്ഞ് അവൾ പോയി.
നല്ല ഒരു ഐ.ടി. ഭാവി ഞങ്ങൾ അവളിൽ കണ്ടു.
പിന്നെ അവളെക്കുറിച്ചു ഒരു വിവരവും ഇല്ല.
ഇപ്പോളിതാ എന്റെ ഇൻ ബോക്സിൽ
പഴയ പഠന കാലഘട്ടത്തിലെ ഓർമ്മകൾ
അയവിറക്കിക്കൊണ്ട്..ഒരു മെയിൽ..
ഫേൻസി ഫോണ്ടുകൾ…നല്ല ഒരു ഇ-മെയിൽ സിഗ്നേചർ
റീമാ..നീ നല്ലൊരു വിദ്യാർത്ഥി തന്നെ.
ഈ ഗുരുസ്നേഹം എന്നെ വല്ലാതെ
ഇമോഷണലാക്കുന്നു.
അവളുടെ മെയിലിലേക്ക് നോക്കി നിന്ന
എനിക്കു പെട്ടെന്ന് ഒരു കൌതുകം
പാസ് വേർഡ്..
ആ പഴയ പാസ് വേർഡ് തന്നെ ആയിരിക്കുമോ?
ഗുരുസ്നേഹം ഒന്നു പരീക്ഷിച്ചു നോക്കണോ?
ജി-മെയിലിൽ നിന്നും അവളുടെ ഐഡി കോപ്പി
ചെയ്ത് യാഹൂ ലോഗിൻ പേജിൽ പേസ്റ്റ് ചെയ്തു
പാസ് വേർഡ്?
എന്റെ പേരു ഞാൻ ലോവർ കേസിൽ ടൈപ്പു ചെയ്തു..
ലോഗ്ഗിംഗ്….
ഈശ്വരാ…ഇതു വരെ അവൾ അതു മാറ്റിയിട്ടില്ലാ…
ഗുരുസ്നേഹം..ഗുരു വന്ദനം
ഇരുപതോളം തുറക്കാത്ത മെയിലുകൾ
ഞാൻ ഈ ചെയ്യുന്നത് മഹാ മോശമാണ്..
ഒരാളുടെ മെയിൽ ബോക്സ്..
അതും ഒരു പഴയ വിദ്യാർത്ഥിനിയുടെ..
മനസ്സും മനസ്സാക്ഷിയും തമ്മിൽ ഒരു സംഘട്ടനം.
മനസ്സ് ജയിച്ചു…ഐ.ടി യുഗമാണ് മോനെ ദിനേശാ..
ഞാൻ മെയിലുകൾ ഓരോന്നായി തുറന്നു.
നാലെണ്ണത്തോടെ ഞാൻ അവസാനിപ്പിച്ചു.
അവസാനിപ്പിക്കേണ്ടി വന്നു.
നാലു പേരയച്ചതാണെങ്കിലും
ഏകദേശം ഒരേ അർത്ഥങ്ങളും
അനർത്ഥങ്ങളും അടങ്ങിയ
നാലു മെയിലുകൾ..
കൌതുകം മൂത്ത്
അവക്കുള്ള മറുപടികളും ഞാൻ വായിച്ചു.
കോപ്പി/ പേസ്റ്റ് കണ്ടു പിടിച്ച ആ മഹാനെ
നമ്മൾ ആദരിക്കേണ്ടിയിരിക്കുന്നു.
ടൈം ഡേറ്റിംഗ് എന്നിവ റീമ നീ എത്ര
സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.
ടൈം ഷേറിംഗിനെക്കുറിച്ച് നീ ആധികാരികമായി
പഠിച്ചിരിക്കുന്നു.
എങ്കിലും എന്നെ അമ്പരപ്പിക്കുന്നത് അതല്ല..
എല്ലാവരും നിന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ
എല്ലാം തന്നെ ഒരു പോലെയുള്ളതാണ്?
റീമാ..നീ ഐ.ടി. ലോകത്തിന്റെ
കൊടുമുടി കീഴടക്കിയിരിക്കുന്നു.
ഞാൻ നിനക്കായി
എത്രയും പെട്ടെന്ന് ലോഗ്ഗ് ഓഫ് ചെയ്യുന്നു.
ദയവായി നീ പാസ് വേർഡ് മാറ്റുക.
No comments:
Post a Comment