Sunday, August 21, 2011

നഷ്ട്ടപ്പെടാനൊന്നുമില്ലാത്തവൻ

2 ഡിഗ്രി തണുപ്പിലും ഉസ്മാൻ തണുത്തുവിറച്ചില്ല..
എന്തെന്നാൽ അയാൾക്കു തണുപ്പറിയാനുള്ളകഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു
അവിടെയുള്ള ഈജിപ്ത്കാരും ബംഗാളികളും ഖൂബ്ബൂസ് ചൂടാക്കി കഴിക്കുന്ന തിരക്കിലായിരുന്നു
ഉസ്മാനു വിശപ്പും ദാഹവും എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടിരുന്നു
അയാളുടെ ചിന്ത നാട്ടിലേക്കെങ്ങിനെ എത്താം എന്നായിരുന്നു ദിക്ക് അറിയാനുള്ള കഴിവും അയാൾക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടിരുന്നു
എന്തൊക്കെ പറഞ്ഞാലും ചിന്തിക്കാനുള്ള കഴിവുമാത്രം അയാൾക്കു നഷ്ടപ്പെട്ടിരുന്നില്ല
അതുകൊണ്ടുമാത്രമാണു അയാളുടെ ചിന്തകൾ നാട്ടിലേക്കു പറപറന്നതും
നിക്കാഹിനു അയാളേയും പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മയും ബാപ്പയും
ഒരായിരം സ്വപ്നങ്ങൾ മനസ്സിൽ നെയ്തുകൂട്ടിയ അയാളുടെ നസീമ..
റംലതാത്തയും മകൾ താഹിറയും
എല്ലാവരുടെയും മുഖങ്ങൾ ഒന്നൊന്നായ് അയാളിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു
കണ്ടിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും അവരെപ്പോഴും അയാളുടെ കൂടെത്തന്നെയുള്ളപോലായിരുന്നു
അവരെയൊരുനോക്ക് കാണുവാനായ്അയാളുടെ ആത്മാവു കൊതിച്ചു
കമ്പനി ഓണറൂമായി തെറ്റിപ്പിരിയേണ്ടിവന്നെങ്കിലും സ്നേഹത്തിന്റെ പ്രതിരൂപമായ പണം അയാൾ മുടക്കാതെ അയച്ചിരുന്നുഅയാളുടെ പണം കൊണ്ട് വീടും ഉമ്മയും ബാപ്പയും, റംലതാത്തയും മകൾ താഹിറയുമെല്ലാം പുതിയ രൂപത്തിലും ഭാവത്തിലേക്കും മാറിക്കൊണ്ടേയിരുന്നു
അതുകൊണ്ടാണല്ലോ ഉസ്മാനറിയാതെ നസീമയെ ഒഴിവാക്കി അയാൾക്കു വേറെ ഒരുത്തിയെ പറഞ്ഞുറപ്പിച്ചതും
എന്നാൽ അയാളുടെ നസീമമാത്രം അയാൾക്കു വേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാനൊരുക്കമായിരുന്നു
എന്നാൽ.............
എയർപോർട്ടിൽ പോകുന്നതിനിടെ യാണല്ലോ എല്ലാം നടന്നത്...
കാത്തിരിപ്പിനൊരന്ത്യമെന്നോണം ആവാർത്ത അവളുടെ കാതിലുമെത്തി
പൊട്ടിക്കരയാനോ മോഹാലാസ്യപ്പെട്ട് വീണു ആളുകൾക്കുപറഞ്ഞുചിരിക്കാൻ ഇടം കൊടുക്കാനോ മാത്രം വിഡ്ഡിയായിരുന്നില്ലവൾ
അവൾ അന്നേരംതന്നെ ബാപ്പ പുതിയതായികൊണ്ടുവന്ന ആലോചനക്കു സമ്മതം മൂളി

നൂറുദിനങ്ങളോളം അയാൾ പ്രതീക്ഷകൈവെടിഞ്ഞില്ല
ഭാരിച്ച പണചെലവോർത്ത അയാളുടെ കുടുംബക്കാർക്ക് അയാളുടെ ശരീരത്തിൽ
താല്പര്യമില്ലായിരിക്കണംഅല്ലാതെ അവർ എൻ .ഓ. സി അയച്ചുകൊടുക്കില്ലായിരുന്നല്ലോ...
പൊതുഖബർസ്ഥാനിലേക്ക് കൊണ്ടുപോയ അയാൾക്കപ്പോൾ നഷ്ട്ടപ്പെടാൻ ഒന്നുമില്ലായിരുന്നു..

അയാളുടെ എല്ലാമെല്ലാമായ ജീവൻ നഷ്ട്ടപ്പെട്ടപ്പോൾ തന്നെ അയാൾക്ക് എല്ലാം നഷ്ട്ടമായിരുന്നൂ

No comments:

Post a Comment