ബറാത്ത് രാവ് : (നബി തങ്ങള് ഈ രാത്രിയെ പ്രശംസിച്ചിരിക്കുന്നു. ശഹ്ബാന് 15 രാത്രിയെ ബറാത്ത് രാവ് എന്ന് പറയുന്നു. ജന്നത്തു ബഖിയ (മദീന) നരഗത്തില് നിന്നും മോചനം ഉള്ള രാത്രി എന്നറിയപ്പെടുന്നു. മരിച്ചവര്ക്ക് വേണ്ടി ദുആ ചെയ്യാനും റമളാനിന്റെ വരവ് മുന്കൂട്ടി അറിയിക്കാനും അതിന്നു വേണ്ടിയുള്ള ഒരുക്കത്തിനും മൂന്കൂറായി ഈ രാത്രിയെ ബറാത്ത് രാവ് എന്ന് വിശേഷിപ്പിക്കുന്നു.)
ഒഴിവു ദിവസം ആഘോഷിക്കാന് ഇന്ന് ഗള്ഫില് നിന്നും ഞാന് നാട്ടലെത്തി. നീണ്ട ആറു വര്ഷത്തെ വിദേശ വാസത്തിന്നു ശേഷം കുടുംബത്തിന്റെ പ്രശ്നങ്ങള് അവസാനിച്ചു അവരെയെല്ലാവരെയും ഒരു കരയ്ക്കടുപ്പിച്ചു എന്ന വിശ്വാസത്തോടെ. ആ രാവിന് ഒരു പ്രത്യേകതയുണ്ട്. അന്ന് ബറാത്ത് രാവാണ്. എന്താണ് ബറാത്ത് രാവ്? താഴെ പറയുന്ന ഖണ്ഡിക ബറാത്ത് രാവിനെ പറ്റി വിവരിക്കുന്നു.
ബറാത്ത് രാവ് എന്റെ ജീവിതത്തില് വളരെയേരെ പ്രത്യേകതകള് നിറഞ്ഞ ഒരു രാവാണ്. കാരണം, രസകരമായ പല അനുഭവങ്ങളും ഓര്മ്മകളും എനിക്ക് സമ്മാനിച്ച രാവാണ് ബറാത്ത് രാവ്. ഞാനോര്ക്കുകയാണ് എന്റെ ജീവിതത്തിലെ പഴയ ഒരു ബറാത്ത് രാവിനെ പറ്റി. ഓണത്തിന് കുട്ടികള് പൂപറിക്കാനായി പോകുന്നതു പോലെ, ക്രിസ്തുമസിന് പുല് കൂടൊരുക്കുന്നതു പോലെ, വിഷുവിന് പടക്കം പൊട്ടിക്കുന്ന രാവിനെ പോലെ ഒരു പ്രത്യേകത നിറഞ്ഞ രാവായിരുന്നു ബറാത്ത് രാവ്. വര്ഷങ്ങളക്കു മുമ്പ് ഞങ്ങള് കുട്ടികള്, ഒരു ചിരട്ടയോ പ്ലേറ്റോ എടുത്ത് ആ എടുത്ത വസ്തുവില് മണ്ണ് നിറച്ച് അതിനുമേലെ ചന്ദന തിരി കത്തിച്ചു വെച്ച് വീടു വീടാന്തരം കയറി ഇറങ്ങും, ചുമ്മാ കയറി ഇറങ്ങലല്ലാ.. സ്വലാത്തു ചൊല്ലി കൊണ്ടാണ് വീടു വീടാന്തരം കയറി ഇറങ്ങുന്നത്. സ്വലാത്ത് ചൊല്ലല് ഇപ്രകാരമാണ് “ബറാത്തോ ബര്ക്കത്തോ തങ്ങളെ പള്ളിക്ക് സുന്നത്തോ, എല്ലാവര്ക്കും റഹ്മത്തോ, ലാഹിലാഹ ഇല്ലല്ലാ മുഹമ്മദ് ഉറസ്സൂലല്ലാ” കയറി ഇറങ്ങുന്ന വീടുകളില് നിന്നും ചെറിയ ചെറിയ സംഖ്യ പൈസയായി അവര് കയ്യിലുള്ള ചിരട്ടയിലേക്കോ പ്ലേറ്റിലേക്കോ ഇട്ടു തരും.
എട്ടു പേരടുങ്ങുന്ന ഞങ്ങളുടെ ആ ബറാത്ത് സൈന്യം ഇപ്രകാരമാണ് ഒന്നാമന് ഞാന്, മുഹമ്മദ് (എന്റെ ജ്യേഷ്ഠന്), റാബി, ഫഹദ്, ഫക്കീക്ക്, ഫജില്, നിസാര്, മന്സൂര്, എന്നിവരാണ്. ബറാത്തിന്റെ സ്വലാത്ത് ചൊല്ലി പണം വാങ്ങി ആ വീടുവിട്ടിറങ്ങിയാല് ഞങ്ങളുടെ ശീലം ആ വീട്ടുകാരെ പറ്റിയുള്ള സംസാരമാണ് അതും വഴി നീളെ, ഉദാഹരണത്തിന് ഒരു വീട്ടില് നിന്നും ഇറങ്ങി മറ്റൊരു വീട് എത്തും വരെ. സംസാരം ഇപ്രകാരമാണ്, വീട്ടുകാര് സക്കാത്തായി തരുന്ന പണത്തിന്റെ തൂക്കം പോലെയാണ് സംസാരത്തിന്റെ ഭംഗി. കൂടുതല് പണം തരുന്ന വീട്ടുകാരെ പറ്റി പൊക്കിപറയുകയും, പണം കുറച്ചു തരുന്നവരെ കഞ്ഞികള് എന്ന നാമം ഉപയോഗിച്ച് താഴ്ത്തി പറയുകയും ചെയ്യും. അങ്ങിനെ വീടു വീടാന്തരം ആ രാത്രി എട്ടങ്ക സംഘം കയറി ഇറങ്ങി. കിട്ടുന്ന പൈസ കയ്യിലുള്ള പാത്രത്തിലെ മണ്ണില് പൂഴ്ത്തിവെച്ചായിരിക്കും അടുത്ത വീട്ടില് കയറുന്നത്. അതിനു കാരണം, കൂടുതല് കണ്ടാല് ഇനിയുള്ള വീട്ടുകാര് പൈസ കുറച്ച് തന്നാലോ എന്ന് ആലോചിച്ചാണ്. ചില വീടുകളിലാണെങ്കില് വലിയ വലിയ സംഖ്യകള് തരും, അന്നത്തെ വലിയ സംഖ്യ എന്നു പറഞ്ഞാല്, ഒരു രൂപാ നോട്ട് നല്ല പച്ചയും നീലയും കലര്ന്നത്. രണ്ടു രൂപാ നോട്ടോ അത് സാറ്റ് ലൈറ്റ് ചിത്രം കൂടിയ ചുവന്ന നിറമാണ്. അതില് തന്നെ അകത്ത് ഇംഗ്ലീഷില് മൂന്നക്ഷരം എഴുതിയത് കണ്ടുപിടിക്കലാണ് അടുത്ത പണി. ആ വലിയ നോട്ട് ടീം ക്യാപ്റ്റനെ ഏല്പിക്കും, അദ്ദേഹം അത് വീടിന്നു പുറത്തെത്തിയാല് എല്ലാവര്ക്കും വീതിച്ചു നല്കും അല്ലങ്കില് എന്റെ കൈവശം ഉണ്ട് അവസാനം തരാം എന്നു പറയും. അങ്ങിനെ വീടു വീടാന്തരം കയറി ഇറങ്ങും. ഒടുവില് പത്തുമണി കഴിഞ്ഞാല് ആ പരിപാടി അവസാനിപ്പിച്ച് ഞങ്ങള് വീട്ടിലേക്കു മടങ്ങും. മടങ്ങുന്നതിന്നു മുന്നേ ആ പൈസ ഓഹരി തിരിക്കും. നോട്ടുകള് വ്യക്തമായി വീതിക്കും അല്ലങ്കില് ക്യാപ്റ്റന് പോക്കറ്റിലാക്കും. അങ്ങിനെ, കിട്ടിയ പൈസയും ബാക്കി വന്ന ചന്ദനതിരിയും, പ്ലേറ്റുമായി വീട്ടിലേക്കു മടങ്ങും. എന്നിട്ട് പിറ്റേന്ന് കിട്ടിയ പൈസ കൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെ പറ്റി ആലോചിച്ച് മനകോട്ട കെട്ടി മൂടി പുതച്ച് കിടന്നുറങ്ങും.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള് ബറാത്ത് രാവില് ഉണ്ടാക്കി വെച്ചിരുന്ന പാലായ്ക്ക പായസം കുറച്ച് ബാക്കിയുണ്ട്, ആദ്യം ഉറക്കമെണീറ്റവന് അത് കണ്ടിട്ടില്ലാ. അതുകൊണ്ട് എനിക്ക് കിട്ടി. തറവാട്ടിലാണ് അന്ന് താമസിച്ചിരുന്നത്. “മത്തു” എന്റെ മൂത്തമ്മന്റെ മകനാണ്, അവന് അതിരാവിലെ എഴുന്നേറ്റ് ദാത്തിമ്മന്റെ (എന്റെ വല്ല്യുമ്മയുടെ അനുജത്തി, സാമ്പത്തികമായി ഉയരത്തിലാണ്) പറമ്പില് പോകും, മാങ്ങ പെറുക്കാന്. അവന് ഒരു പാടു മാങ്ങ കിട്ടും, അതു പെറുക്കി കയ്യിലുള്ള സഞ്ചിയിലാക്കി തറവാട്ടില് വരും. എനിക്കാ രംഗം കാണുബോള് വല്ലാതെ അസൂയയാണ്. അവന് എങ്ങിനെ ഈ പുലര്ച്ചക്ക് പോയി ഇങ്ങനെ ചെയ്യുന്നു. അവന് പേടിയാവില്ലേ,, നായകള് കറങ്ങി നടക്കുന്ന സമയം, പോരാത്തതിന് തണുപ്പും. എന്നൊക്കെ മനസ്സില് ചോദ്യങ്ങള് ഉണരും. ഒടുവില് എല്ലാം സഹിച്ച് അവന്റെ കൂടെ ഞാനും പോയി മാങ്ങ പെറുക്കാന്.അവിടെ എത്തിയ സമയത്ത് മാഞ്ചോട്ടില് നിറയെ മാങ്ങകള് വീണു കിടക്കുന്നു. രണ്ടു പേരും കൂടെ പെറുക്കാന് തുടങ്ങി. മത്തുവിന് ഭയങ്കര സ്പീഡാണ്. എനിക്കാണേ അവന്റെ ഒപ്പം എത്താന് പറ്റുന്നില്ലാ. അവസാനം ഞാന് തോല് വി സമ്മതിച്ച് അവനോട് പെറുക്കിക്കോ എന്ന് പറഞ്ഞ് ഞാന് മാറിനില്കും. പെറുക്കിയ മാങ്ങയുമായി ഞങ്ങള് തറവാട്ടിലേക്ക് മടങ്ങി ചെന്നു. തറവാട്ടിലെത്തിയപ്പോള് ഒരറ്റ കരച്ചിലാണ്, ഞങ്ങള് രണ്ടു പേരും കൂടി പെറുക്കിയതാണ് എന്നിട്ട് എനിക്ക് പകുതി തരുന്നില്ലാ എന്ന് പറഞ്ഞാണ് കരയുന്നത്. അങ്ങിനെ അവിടെ ഒരു ഉശിരന് വഴക്കും തല്ലും നടക്കും, കൂടെ ഉമ്മമാരും കൂടും, സംഗതി കുശാല്, തറവാട് ആകെ ഇളകി മറിയും.
ഏകദേശം ഉച്ച സമയം, തറവാട്ടില് ഭയങ്കരമായ വഴക്കു നടക്കുന്നു. പ്രശ്നം എന്തോ മനസ്സിലായില്ലാ.“ചിലവിനു കൊടുക്കാതെ തിന്നുന്നു” എന്നു പറഞ്ഞായിരുന്നു തുടക്കം, പിന്നീട് വഴക്കു മൂത്തപ്പോള് അത് എന്റെ ഉപ്പയുടെ വിഷയത്തിലേക്ക് തെന്നിമാറി. ഉപ്പ രണ്ടു പെണ്ണു കെട്ടിയെന്നും മറ്റുമാണ് സംസാരം. ഉമ്മ ചുമ്മാ ഇരിക്കുന്നില്ലാ.. മറുപടി പറയുന്നുണ്ട്. എങ്കിലും ഉപ്പ രണ്ടു കെട്ടിയ വിവരം കേട്ടപ്പോള് ഉമ്മ ഒന്ന് ഇടറിപ്പോയി. വഴക്കെല്ലാം കഴിഞ്ഞ് തറവാട്ടിലെ റൂമില് തനിച്ചിരുന്ന് കരയുകയാണ് ഉമ്മ. കരയുന്നതോടൊപ്പം സ്വന്തം മനസ്സിനോട് പറയുന്നുണ്ടായിരുന്നു”മനുഷ്യനെ മാനം കെടുത്താന്” എന്ന്. അതിലെനിക്കു വളരെ യധികം സങ്കടവും വിഷമവും തോന്നിയിരുന്നു. ഉപ്പ എന്തിനാണ് ഇങ്ങനെ ചെയ്തത്, എന്ന് പറയുകയും ചിന്തിക്കുകയും ചെയ്തു. ഉപ്പ എന്റെ ചെറിയ മനസ്സിലെ ദേഷ്യത്തിന്റെ പ്രതിരൂപമായി മാറി. കാരണം ഉമ്മയുടെ ദിവസവുമുള്ള കരച്ചില്,, മറ്റുള്ളവരില് നിന്നും കേള്ക്കാറുള്ള മുള്ളു വെച്ച വാക്കുകള്. ഉമ്മ കരയുന്നത് ഏതു മകനാണ് കണ്ടു നില്ക്കാന് കഴിയുക. എന്റെ ജ്യേഷ്ഠന് മുഹമ്മദ്, അവന് അതില് ഒട്ടും വിഷമവും താത്പര്യവുമുണ്ടായിരുന്നില്ലാ. അവന് ഇതെല്ലാം കാണുകയും കേള്ക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അവന് വേറെ ഏതോ ലോകത്ത് ജീവിക്കുന്ന മട്ടും ഭാവവുമാണ്. പക്ഷെ എന്റെ കൊച്ചു മനസ്സ് അന്ന് മന്ത്രിക്കുമായിരുന്നു. “വലുതായാല് ഉപ്പനോട് ഇതിനെല്ലാം പകരം ചോദിക്കണം, എന്റെ ഉമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിന്നും കണ്ണീരു കുടിപ്പിക്കുന്നതിന്നും”.
ആ കാലത്ത് ഒക്കെ ഒരു വലിയ ആശ്വാസം എന്റെ വലിയുമ്മയായിരുന്നു( ഉമ്മയുടെ ഉമ്മ). പേര് ബിച്ചാമ്മി. എന്നോടും എന്റെ ജ്യേഷ്ഠന് ഷെരീഫിനോടും ഒരു പ്രത്യേക സ്നേഹമാണ് വല്ല്യുമ്മക്ക്. കാരണം ബാപ്പ രണ്ടു കെട്ടിയതും പിന്നെ ചിലവിനു കൊടുക്കാറില്ലാ എന്നുള്ളതു കൊണ്ടും. അങ്ങിനെ ആ ഒരു സ്നേഹവും വാത്സല്യവും ആവോളും കിട്ടി. വല്ല്യുപ്പയും സ്നേഹത്തിന് ഒട്ടും പിറകിലല്ലായിരുന്നു. വല്ല്യുപ്പക്കും ഞങ്ങളോട് വലിയ സ്നേഹമായിരുന്നു. സ്നേഹത്തോടു കുടിയായിരുന്നു ഞങ്ങളോട് പെരുമാറിയിരുന്നത്. തറവാടായതു കാരണം അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമായിരുന്നു. എന്നാലും അവര് രണ്ടു പേരുടെയും പിന്തുണ എനിക്കും ജ്യേഷ്ഠനും എന്നും ഉണ്ടായിരുന്നു. അതുതന്നെയായിരുന്നു ആശ്വാസം.
ഉപ്പയെ കുറിച്ചുള്ള ഏറ്റവും പുതിയ കുറ്റമായി തറവാട്ടുകാര് കാണുന്ന രണ്ടു പെണ്ണുകെട്ടി എന്ന പദ പ്രയോഗത്തെ പറ്റി വിശദീകരിക്കാം. അതിനുള്ള കാരണവും, സാഹചര്യവും.
ഉപ്പ ഉമ്മനെ കല്യാണം കഴിക്കുന്ന കാലത്ത് അമ്മാവന്മാരോട് (ഉമ്മയുടെ ആങ്ങളമാര്) ഗള്ഫിലേക്കൊരു വിസ ചോദിച്ചിരുന്നു. കൊടുക്കാമെന്ന് പറഞ്ഞായിരുന്നുവത്രേ കല്യാണം കഴിച്ചത്. എന്നാല് കല്യാണം കഴിഞ്ഞ് ഉപ്പ ബോംബെയില് ജോലി നോക്കുന്ന് കാലത്ത് വിസ തരാം എന്നു പറഞ്ഞ് നാട്ടിലേക്കു വിളിച്ചു വരുത്തി, അവസാനം വിസ കൊടുത്തില്ലാ. കാരണം, പറഞ്ഞു വച്ച ആ വിസ അമ്മാവന്റെ ഭാര്യയുടെ കുടുംബത്തിലെ ആര്ക്കോ കൊടുത്തിരുന്നു. അതറിഞ്ഞ ഉപ്പ ആ ദേഷ്യത്തില് അവരുടെ നാട്ടില് വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് അതില് നിന്നും ലഭിച്ച സത്രീധന തുക കൊണ്ട് ഖത്തറിലേക്ക് വിസ എടുത്ത് പോയി എന്നറിയാനിടയായി. ഇതൊന്നും എന്റെ ആ ചെറിയ പ്രായത്തില് മുഴുവനായും ഞാനറിഞ്ഞിരുന്നില്ലാ. അതിനു ശേഷം എന്റെ ഉമ്മയുടെ കണ്ണീരു കണ്ടാണ് ഞാനും ജ്യേഷ്ഠന് ഷെരീഫും വളര്ന്നത്. ഉമ്മ ആരെങ്കിലുമായി വഴക്കിട്ടാല്, പിണങ്ങിയാല് അതിന്റെ ദേഷ്യം തീര്ക്കുന്നത് എന്നെയും ഷെരീഫിനെയും തല്ലികൊണ്ടായിരുന്നു. പക്ഷെ ഞാനെങ്ങിനെയെങ്കിലും ഓടി രക്ഷപ്പെടും, എന്നാല് പാവം മുഹമ്മദ് അവനാണ് ഉമ്മയുടെ പിന്നീടത്തെ ഇര. മുഴുവന് തല്ലു കൊള്ളുന്നത് അവനായിരിക്കും. പലപ്പോഴും ഉമ്മയുടെ തല്ല് കൊണ്ട് അവന്റെ കൈയ്യും കാലും തിളര്ത്ത് നീരുവരെ കെട്ടിയിരുന്നു.പാവം മുഹമ്മദ്, അന്നും ചാമയാണ് (വല്ലിമ്മ) രക്ഷക്ക് എത്തുമായിരുന്നത്.
അങ്ങിനെയിരിക്കെ അതിനിടയില് ഉപ്പയും ഉമ്മയും തെറ്റുകയും തെറ്റി പിരിഞ്ഞ് പിന്നീട് കേസ് കോടതിയില് എത്തുകയും മൊഴി ചൊല്ലാന് നീണ്ട ബന്ധമാകുകയും പിന്നെ കുട്ടികളുടെ ഭാവിയെ ഓര്ത്തോ അതോ പടച്ചോന്റെ കാരുണ്യം കൊണ്ടോ? അത് ഒന്നും നടന്നില്ലാ. ഉമ്മയും ഉപ്പയും തമ്മിലുള്ള പ്രശ്നം പഞ്ചായത്തിലൂടെ പരിഹരിച്ചു. അതിന്റെ ഇടയില് ഉപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്നതു കാരണം, ഉപ്പന്റെ കൂടെ പോകണോ, അതോ ഉമ്മന്റെ കൂടെ പോകണോ എന്ന് ചോദിച്ച് ദിനവും ആ കാലങ്ങളില് എനിക്കും ഷെരീഫിനും ടെന്ഷന് ഉണ്ടാകാറുണ്ട്. ഖത്തറില് നിന്നും ഉപ്പ വരുന്ന സമയത്ത് മക്കളായ ഞങ്ങളെ ഉപ്പന്റെ നാട്ടിലേക്കു കൊണ്ടു പോകും. ഉപ്പ ഉമ്മയെ കാണാനായി വരാറില്ലാ. പിന്നെ പല പല സാധനങ്ങളും വാങ്ങിച്ചു തരും. പിന്നെ കേസായപ്പോള് ഉപ്പന്റെ ഭാഗത്തു നില്കണമെന്ന് എനിക്ക് പറഞ്ഞു തരാന് ഉപ്പ ബാപ്പാപ്പ (അമ്മായിയുടെ ഭര്ത്താവ്) നെ ഏല്പിച്ചിരുന്നു. ആ സമയത്ത് എന്റെ സ്കൂള് അടച്ചു. എന്നെ കൊണ്ടുപോകാന് ഉപ്പ ശ്രമിച്ചു. പക്ഷെ ഉപ്പനെ കണ്ട ഞാന് പേടിച്ച് വീട്ടിലേക്കു ഓടി. ഈ സ്വിറ്റേഷന് ഞാനിവിടെ പ്രതിപാതിച്ചതിനു കാരണം, ഉമ്മയും ഉപ്പയും തമ്മിലുള്ള മാനസികമായ പ്രശ്നങ്ങളുടെ ഇടയില് കിടന്ന് നീറുന്ന ഒരു നിസ്സാഹായനായ കുട്ടിക്കുണ്ടായ മാനസികമായ ബുന്ധിമുട്ടുകളും, വിഷമങ്ങളെയും പറ്റി മനസ്സിലാക്കി തരാനാണ്.
അങ്ങിനെ കുറച്ചു നാളുകള്ക്കു ശേഷം ദൈവഹിതം പോലെ ഉമ്മയും ഉപ്പയും വീണ്ടും ഒന്നിച്ചു. അവര് പരസ്പരം കാണാനും സംസാരിക്കാനും തുടങ്ങി. അങ്ങിനെ എന്നെയും ഷെരീഫിനെയും കൂടാതെ മറ്റൊരു ആണ്കുഞ്ഞിന് ഉമ്മ ജന്മം നല്കി. അവനെ ഷെയ്ഫൂ എന്ന് പേര് ചൊല്ലി വിളിച്ചു. എന്റെ അനുജന് ഷെയ്ഫു. അവന് പിറന്നതില് പിന്നെ ഉമ്മയുടെയും ഉപ്പയുടെയും സ്വഭാവത്തില് അത്ര വിള്ളലുണ്ടായിരുന്നില്ലാ. പക്ഷെ അഭിപ്രായ വിത്യാസങ്ങളുണ്ടാകുമായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം ഞാനും ഉമ്മയും കൂടെ ഉപ്പന്റെ നാട്ടില് ചെന്നു. അവിടെ അമ്മായിയുടെ വീട്ടില് നിന്നും വീണ്ടും ഒരു ബോംബു പൊട്ടുന്ന വാര്ത്ത!
“ഉപ്പ വീണ്ടും ഒരു വിവാഹം കൂടെ കഴിച്ചിരിക്കുന്നു”.
ആ വാര്ത്ത ഉമ്മനെ വീണ്ടും തളര്ത്തി. ഉമ്മക്ക് നിയന്ത്രണം വിട്ടു. വീണ്ടും വഴക്കായി. പക്ഷെ ആ വഴക്ക് കരച്ചിലിലും ദേഷ്യപ്പെട്ടുള്ള സംസാരത്തിലും ഒതുങ്ങി നിന്നു. ആ വാര്ത്ത കേട്ടപ്പോള് ഞാന് ചിന്തിച്ചു, ഇത് എന്തിന്റെ പേരിലാണ് പിന്നെയും കെട്ടിയത്. എന്റെ ഉമ്മയുടെ ആങ്ങളമാര് പറഞ്ഞു പറ്റിച്ചതുപോലെ രണ്ടാമത്തെ ഭാര്യയുടെ ആങ്ങളമാരും പറഞ്ഞു പറ്റിച്ചോ? അതൊന്നും അല്ലാ അതിനു കാരണം. അതിനുള്ള കാരണം ഇപ്രാകാരമാണ്. ഉപ്പ ഉമ്മയുടെ പേരില് കേസ് നടത്തിയിരുന്ന കാലത്ത് ഉമ്മനെ മൊയ് (ഡൈവേഴ്സ്) ചൊല്ലാന് വരെ തയ്യാറായി നിന്ന അവസരത്തില് ഉപ്പക്ക് ഉണ്ടായ ഒരു ബന്ധമായിരുന്നു അത്. പക്ഷെ മക്കളായ ഞങ്ങളുടെ ഭാവി ഓര്ത്തിട്ടോ, കേസ് തോറ്റുപോയതു കാരണമോ ആകാം വീണ്ടും ഉപ്പ ഉമ്മയുമായുള്ള ബന്ധം ഉണ്ടാകുകയായിരുന്നു. ഉപ്പ വീണ്ടും കല്യാണം കഴിച്ചു എന്ന ആ വാര്ത്ത കേട്ടപ്പോള് ഉപ്പനെ ഒറ്റയടിക്ക് എതിരക്കാന് കഴിയാത്ത അവസ്ഥ വന്നു. അങ്ങിനെ എല്ലാവരെയും പോലെ ഞാനും കേട്ടുനിന്നു.
പാത്തു എന്നാണ് ഉപ്പയുടെ മൂന്നാമത്തെ ഭാര്യയുടെ പേര്. അമ്മായിയുടെ ഭര്ത്താവിന്റെ കുടുംബമാണ്. മാത്രമല്ലാ അവര് ഖത്തറില് ഒന്നിച്ചാണ് താമസം. ഷെയ്ഫു (എന്റെ അനുജനെ) പോലെ ഒരു മകനുമുണ്ട്.അതേ പ്രായം അങ്ങിനെ ഓരോന്നായി കേട്ടു. ഉപ്പനോട് വെറുപ്പും ദേഷ്യവും തോന്നി. എല്ലാറ്റിനേയും തട്ടിതകര്ക്കാനും അനുസരണക്കേടു കാണിക്കാനും ഉള്ള ഒരു ബുന്ധി വന്നു. കുറെയധികം അനുസരണക്കേടു കാണിച്ചു കൊണ്ടിരിക്കുന്ന സമയം, എന്റെ മുടി വെട്ടണമെന്ന് ഉപ്പ പറഞ്ഞപ്പോള് എന്റെ മുടിയല്ലേ അത് ഞാന് വെട്ടിക്കോളാം എന്നുപറഞ്ഞ് അനുസരണക്കേട് കാട്ടിയതിന്നു ശിക്ഷയായി ഉപ്പ എന്റെ തലമുടി മുഴുവനും വടിച്ച് മൊട്ടയാക്കി മാറ്റി.
അങ്ങിനെ വര്ഷങ്ങള് മാസങ്ങളായും മാസങ്ങള് ദിവസങ്ങളായും ദിവസങ്ങള് മണിക്കൂറുകളായും മണിക്കൂറുകള് മിനുറ്റുകാളായും വേഗതയില് സഞ്ചരിച്ചു തുടങ്ങി. കാലങ്ങളുടെ അനുസ്തതിയാര്ന്ന മാറ്റങ്ങളുടെ ഫലമായി ഞാനും കാലത്തിനൊപ്പം വളര്ന്നു. വയസ്സ് 15,16 ആയപ്പോള് കാര്യങ്ങള് ഒക്കെ എനിക്കും മനസ്സിലാകാന് തുടങ്ങി.ഉമ്മ ഉപ്പയുടെ രണ്ടാം കല്യാണവും മൂന്നാം കല്ല്യാണവും കണ്ടും കേട്ടും സഹിച്ച് ഞങ്ങള് മൂന്നു മക്കള്ക്കു വേണ്ടി ജീവിക്കുന്നു എന്നു തോന്നാന് തുടങ്ങി. പക്ഷെ ഉപ്പയുടെ വഴക്കിനും തെറ്റിപിരിയുന്നതിനും ഓക്കെ കാരണം ഉപ്പ മാത്രമല്ലാ എന്നും അതിനു കാരണമായി ഉമ്മയുടെ കയ്യില് നിന്നും കാര്യമായി ഉപ്പയുടെ മനസ്സിനെ വേദനിപ്പിക്കുന്ന തെറ്റ് ഉണ്ടായിട്ടുണ്ടാകണം എന്ന നിഗമനത്തില് ഞാന് എത്തി ചേര്ന്നു. എനിക്ക് അങ്ങിനെ തോന്നാന് തുടങ്ങി.
ഇനിയാണ് തമാശ. എവിടെയെങ്കിലും കല്യാണത്തിനു പോയാല് ഉപ്പന്റെ മറ്റു ഭാര്യമാരെയും അവരുടെ കുട്ടികളെയും പരിജയപ്പെടുത്തുന്ന തിരക്കാണ്. എല്ലാവര്ക്കും പ്രത്യേകിച്ച് ഉപ്പന്റെ നാട്ടില് “നിങ്ങള് അബൂബക്കറിന്റെ ആദ്യത്തെ ഭാര്യയുടെ മകനാ” എന്ന് പറഞ്ഞ് ആശ്ചര്യത്തോടെയുള്ള ഒരു നോട്ടവും സംസാരവും ഒക്കെയാണ്. ആദ്യം രണ്ടാമത്തെത് പിന്നീട് മൂന്നാമത്തെത്, അങ്ങിനെ പറഞ്ഞു രസിക്കാന് എല്ലാവര്ക്കും ഒരു കളിതമാശ അല്ലങ്കില് രസകരമായ ചില നിമിഷങ്ങള്. നാണക്കേടു തോന്നിയ കാലം ആ സമയം.
ഉപ്പയും ഉമ്മയും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന സമയം. എതോ സ്ഥലം വാങ്ങാം എന്ന് പറഞ്ഞ് പറ്റിച്ചതിന് ഉമ്മയോട് ഉപ്പക്ക് ദേഷ്യം വന്നു. ചെലവിന് കൊടുത്തയക്കുന്നത് തികയാത്തതു കൊണ്ട് കടം വാങ്ങിച്ചാണ് ചിലവ് നടത്തുന്നതെന്നും അത് വീടാന് കളവുപറഞ്ഞു എന്ന് കേട്ടു, ഉമ്മയുടെ വാദമായി. ഉപ്പക്ക് വളരെ ദേഷ്യം വരികയും ഇനി കുടിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടറുടെ വാക്ക് തെറ്റിച്ച് കുടിച്ച് വീട്ടില് വരികയും അതില് പിന്നെ ഉപ്പയും ഉമ്മയും വീണ്ടും പ്രശ്നങ്ങള് ഉണ്ടാകുകയും ചെയ്തു. പക്ഷെ വീട്ടിലെ റൂമില് വെച്ചായിരുന്നു വഴക്കുകള് നടക്കാറുള്ളത്. പുറത്തേക്കു ചില നീറ്റലും തൂറ്റലും പൊട്ടലും മാത്രം കേള്ക്കാം. അടുത്ത ദിവസം പകല് എന്നെ അടുത്തിരുത്തി ഉപ്പ ഷെരീഫിനെ പറ്റിയും എന്റെ ഭാവിയെ പറ്റിയും കുടുംബത്തെ പറ്റിയും, ഇങ്ങനെ ഒക്കെ ആയിപ്പോയത് തെറ്റായി പ്പോയി എന്നും സ്വത്തിനെ പറ്റിയും വിവരിച്ചു. ഇവിടെ ഉള്ളത് അഥായത് ഇപ്പോള് താമസിക്കുന്ന വീട് ഞങ്ങള്ക്കും അവിടെയുള്ളത് അവര്ക്കും എന്നൊക്കെ വിഭജിച്ച് മുന്കൂട്ടി എന്തെക്കെയോ കണ്ടതു പോലെ സംസാരിച്ചു.
അടുത്തദിവസം രാവിലെ ഉപ്പന്റെ രണ്ടാമത്തെ ഭാര്യയും നാട്ടില് നിന്നും ഒരു ഫോണ് വന്നു. ഉപ്പയെ ഹൃദ് രോഗത്തെ തുടര്ന്ന് അവിടത്തെ ഒരു ആശുപത്രിയാലാക്കിയിട്ടെണ്ടെന്ന്. ഈ വിവരം വളരെ വിഷമത്തോടെ തറവാട്ടിലറിയിച്ചു. ആരും മുഖവുരയായി എടുത്തില്ലാ. കൂടെ ആരും വരില്ലാ എന്നറിഞ്ഞ ഉമ്മ പിടയ്ക്കുന്ന മനസ്സുമായി എന്നെ കൂട്ടി ഉപ്പന്റെ നാട്ടിലേക്കു പോയി. അവിടെഎത്തിയ ഞങ്ങള് കാണുന്നത്, മരണപ്പെട്ടു കിടക്കുന്ന ഉപ്പയെയാണ്. എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാതെ വിഷമിച്ചിരിക്കുന്ന എന്നെ സമാധാനിപ്പിക്കാന് പലരും വന്നു. കണ്ണടയുന്നതിന്നു മുമ്പ് ബാക്കി വെച്ചു പോയ ബാധ്യതകള് സ്വന്തം തലയില് എടുത്തു വെച്ച് ഞാനും ഗള്ഫിലേക്ക് പോയി. അവിടെ മുതല് എന്റെ ഗള്ഫ് ജീവിതം ആരംഭിച്ചു. ആ ജീവിതം ഇപ്പോള് ആറുവര്ഷം പിന്നിട്ടിരിക്കുന്നു. ഉമ്മറത്ത് ബറാത്തിന്റെ സ്വലാത്ത് കേട്ട ഞാന് എന്റെ ഭൂതകാലത്തില് നിന്നും വര്ത്തമാനകാലത്തിലേക്ക് തെന്നിവീണു. ശേഷം എന്റെ മുഴുവന് ശ്രദ്ദയും അല്പനേരം ആ കുട്ടികളിലായിരുന്നു. വീണ്ടും ഒരു ലീവിനു നാട്ടിലെത്തിയിരിക്കുന്നു. ബറാത്ത് ചൊല്ലികഴിഞ്ഞ് കുട്ടികള് പൈസവാങ്ങി മടങ്ങി പോയി.എട്ടു മണി കഴിഞ്ഞു. വീട്ടില് നല്ല പാലായ്ക്കാ പായസം തയ്യാറാക്കിയിട്ടുണ്ട്. കുട്ടികല് ഓരോരുത്തരായി വരാന് തുടങ്ങി.
കരന്റ് കട്ട് പെട്ടന്നാണ് ഉണ്ടായത്. നാശം കരന്റിനു പോകാന് കണ്ട സമയം, ആ ഇരുട്ടത്ത് ഉമ്മനെയും കാണുന്നില്ലാ. ഇരുണ്ട വെളിച്ചത്തില് ഉമ്മറത്ത് ആരും ഉണ്ടാവില്ലാ എന്നു കരുതി കുറച്ച് പിള്ളേര് ബറാത്ത് ചൊല്ലാതെ തിരിച്ചു പോകാന് നോക്കി, ഞാന് അവരോടു പറഞ്ഞു നിങ്ങള് ചൊല്ലിക്കോളൂ ഇവിടെ ആളുണ്ട്. അവരും ബറാത്തിന്റെ സ്വലാത്ത് ചൊല്ലി പോയി. കരന്റ് വരുന്നില്ലാ. ഈ ഉമ്മ എവിടെ പോയി കിടക്കുന്നു. അല്പ സമയത്തിന്നു ശേഷം കരന്റു വന്നു കൂടെ ഉമ്മയും. പായസം വിളമ്പാന് ഉമ്മ അടുക്കളയിലേക്കു പോയി. ഷെയ്ഫു എന്റെ അനുജന് പഠിക്കാനിരുന്നിട്ടില്ലാ. ബറാത്തിന്റെ ത്രില്ലിലാണ്. അവന് പണ്ട് ഞങ്ങള് പോയിരുന്നതു പോലെ ബറാത്ത് ചൊല്ലി പോകാറില്ലാന്നു തോന്നുന്നു. വീണ്ടും മറ്റു കുട്ടികള് ബറാത്ത് ചൊല്ലി വീട്ടുപടിക്കലെത്തി. അവരും പോയി. സമയം രാത്രി പത്തു കഴിഞ്ഞു. കുട്ടികളുടെ വരവും പോക്കും നിലച്ചു. ആളുകളുടെ സംസാരവും നിലച്ചു. ഉമ്മയോട് ചോറ് വിളമ്പാന് പറഞ്ഞ് അടുത്ത് ചെന്നിരുന്നു. ഉമ്മന്റെ മുഖത്ത് നോക്കിയപ്പോള് എന്തോ പന്തികേട് തോന്നി. ഞാനൊന്നും ചോദിക്കാതെ അകത്ത് ചെന്ന് കിടന്നു.
ബറാത്ത് രാവിന്റെ പിറ്റേന്ന്, എന്റെ കുടുംബത്തിലെ സുഹൃത്തും, ജ്യേഷ്ഠനുമായ ഒരു വ്യക്തി വിശ്വസനീയമായി തോന്നാത്ത ഒരു മകനും കേള്ക്കാനാഗ്രഹിക്കാത്ത ഒരു കാര്യം പറഞ്ഞു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാര്യം ഇപ്രകാരമാണ്. നിന്റെ ഉമ്മ മറ്റൊരു വിവാഹം കഴിച്ചു വെന്ന് തോന്നുന്നു എന്നാണ്. മാത്രമല്ലാ അയാളുമായി സ്കൂട്ടറില് പോകാറുണ്ടെന്നും, അത് കണ്ടവരുണ്ടെന്നും എന്നൊക്കെ. ഹൃദയം തകര്ന്നുപോയി. വീടിന്റെ എല്ലാ ഉത്തരവാദിത്വം ഈ ചെറിയ പ്രായത്തില് ഏറ്റെടുത്ത, എല്ലാകാര്യവും തുറന്നു പറയാറുള്ള എന്നോട് എന്തിന് ഇത് മറച്ചു വച്ചു. തലയില് തീ കോരിയിടുന്നതു പോലെ, കണ്ണുകളുടെ ദൃഷ്ടി ശക്തി നഷ്ടപ്പെടുന്നതുപോലെ, തൊണ്ട ഇടറുന്നു, താഴെ വീഴാന് പോകുന്നു എന്നൊക്കെ തോന്നിയ നിമിഷം, മനസ്സ് പറഞ്ഞു, ഏയ് അങ്ങിനെ ഒന്നും ഉണ്ടാവില്ലാ.. എന്നാലും മനസ്സിനുള്ളില് ആയിരമായിരും ചോദ്യങ്ങള് സംശയങ്ങള്. അങ്ങനെ ഒരഗ്രഹം ഉണ്ടെങ്കില് ആദ്യം മക്കളോടല്ലേ പറയേണ്ടത്. പറഞ്ഞില്ലാ മാത്രമല്ലാ, തോന്നിയതു പോലെ ചെയ്തു. എന്താ ചെയ്യുക,, പടച്ചോനെ ആയാളാണെങ്കില് ഒരു പെണ് വേട്ടക്കാരന്. പിന്നീടറിഞ്ഞു, അയാള് വീട്ടില് വരാറുണ്ട് എന്ന്. ഈ ഉമ്മക്ക് വിവരം ഒട്ടും ഇല്ലേ.. അവിടെ ജ്യേഷ്ഠന്റെ ഭാര്യയില്ലേ..അയാള് നാളെ അവരെ കയറിപിടിച്ചാല്.. ആരു സമാധാനം പറയും. ഇനി ജ്യേഷ്ഠന്റെ ഭാര്യ ഇതൊന്നും അറിഞ്ഞില്ലേ?
എവിടെ പോയി വേണേലും ജീവിച്ചോട്ടെ.. എന്നാലും ഞങ്ങളോട് ഇതു ചെയ്തല്ലോ.. മറ്റൊരു വിവാഹം കഴിച്ചതിന്നു കാരണമായി ഉമ്മ പറയുന്നത്.. ഉമ്മക്ക് ആരും ഇല്ലാ എന്ന തോന്നലാണ് പോലും,, ആ ദേഷ്യവും വാശിയും മനസ്സില് കത്തി കയറി. അറിഞ്ഞവര് അറിഞ്ഞവര് പലരും ഉപദേശിച്ചു. അധികപേരും ഉമ്മനെ വീട്ടില് നിന്നും പുറത്താക്കാനാണ് പറഞ്ഞത്. മറ്റു ചിലര് ഉമ്മയെ ഇനി ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞു. ആരാന്റെ അമ്മക്ക് ഭ്രാന്തിളകിയാല് കാണാന് നല്ല രസം എന്ന മട്ടില് കാര്യങ്ങള് പോകാന് തുടങ്ങി. മനസ്സ് പലതും ഉപദേശിച്ചു. ഒടുവില് ഞാനൊരു തീരുമാനത്തിലെത്തി. സംഭവിക്കാനുള്ളത് സംഭവിച്ചു. പക്ഷെ അയാള് ഉമ്മയുടെ രണ്ടാമത്തെ ഭര്ത്താവ് ഞങ്ങളുടെ വീട്ടില് വരാന് പാടില്ലാ. നിങ്ങള്ക്ക് അയാളുടെ കൂടെ എവിടെ പോയി ജീവിക്കുന്നതിലും ഞങ്ങള്ക്ക് എതിര്പ്പില്ലാ. ഇവിടെ മറ്റു പെണ്കുട്ടികളുണ്ട്. അതുകൊണ്ട് ഞങ്ങളുടെ കൂടെ എന്ന ആഗ്രഹം തത്ക്കാലം നടക്കില്ലാ. അതിന് പ്രത്യേകിച്ച് ഒരു എതിര്പ്പും ഉമ്മയുടെ പക്കലില് നിന്നും ഉണ്ടായിരുന്നില്ലാ.
ഇപ്പോള് ദേഷ്യവും വാശിയും ഒക്കെ തീര്ന്നു. ഞാന് എന്റെ മനസ്സിനോട് ഇങ്ങനെ മന്ത്രിച്ചു.”ഏയ് മനുഷ്യാ നിനക്കിനി എന്ത്”. അപ്പോള് ഒരു ഉത്തരം കിട്ടി.മലര്ന്നു കിടന്ന് ആകാശം നോക്കി കിടന്ന എന്റെ കണ്ണ് അറ്റമില്ലാത്ത ആകാശത്തിന്റെ അറ്റത്ത് പോയി എന്തോ കണ്ട് തിരിച്ച് വന്നത് പോലെ ഒരു സമാധാനം. നിനക്കും നിന്റെ ജ്യേഷ്ഠനും അനുജനും നിങ്ങളുടെ ഉപ്പ മറ്റു വിവാഹം കഴിച്ചതറിഞ്ഞ് വേദനിക്കാനും നാണക്കെടാനും വിധിയുണ്ട്. അതുപോലെ നിന്റെ ഉമ്മ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് വേദനിക്കാനും നാണക്കെടാനും വിധിയുണ്ട്. അതു കൊണ്ട് ഇത് ജീവിതമാണ്, നീ നിന്റെയും ഉമ്മ അവരുടെയും ജീവിതം ജീവിച്ച് കാണിക്കുക. അപ്പോള് പലതും ശരിയും തെറ്റും ആയി മാറും. അതാണ് ജീവിതം.
ഈ പുല്മേടില് കിടന്ന എനിക്ക് ആരും ഇല്ലാ എന്ന തോന്നല് ആകാശത്തിലെ നക്ഷത്രം മാറ്റികളഞ്ഞിരിക്കുന്നു. എന്റെ പ്രശ്നം ഞാന് ദൈവത്തിനോട് പറഞ്ഞപ്പോള് നക്ഷത്രം ചിരിക്കുന്നത് പോലെ, എനിക്ക് ദേഷ്യം വന്നപ്പോള് ഇളം കാറ്റ് വന്ന് എന്നെ തലോടിയതുപോലെ, ഞാന് മനസ്സു നീറി കരഞ്ഞപ്പോള് ഒരു ചാറ്റല് മഴ വന്ന് എന്റെ മനസ്സിന്റെ നീറ്റല് കെടുത്തി കളഞ്ഞതു പോലെ എനിക്കു തോന്നി. ഇതാണ് ദൈവം. ആരുമില്ലാത്തവന് സമാധാനം ഏകാന് പടച്ച തമ്പുരാന് ഒരുക്കിയ സമാധാനവും തോലടലും, വിഷമഘട്ടത്തില് കാറ്റായും മഴയായും എല്ലാം തന്ന എന്റെ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.
No comments:
Post a Comment