🌻🌼🌸🌻🌼🌸🌻🌼
*💧🍃പ്രചോദന കഥകൾ💧🍃*
*Date : 13-07-2023*
🌻🌼🌸🌻🌼🌸🌻🌼
*ശക്തനായ മരം*
❦ ════ •⊰❂⊱• ════ ❦
```പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു വലിയ മരം ഉണ്ടായിരുന്നു. നല്ല ബലമുള്ള കനത്ത തടിയും വലിയ ശിഖരങ്ങളും നിറയെ ഇലകളുമൊക്കെയായി പടർന്നു പന്തലിച്ചായിരുന്നു അതിൻ്റെ നിൽപ്പ്. ഈ മരത്തിൻ്റെ വലിയ ശിഖരങ്ങളിൽ നിരവധി കിളികൾ കൂട് കൂട്ടിയിരുന്നു.
കൂടാതെ വഴിയാത്രക്കാർക്ക് തണലും നൽകി. മാത്രമല്ല എന്നും വൈകുന്നേരങ്ങളിൽ ഗ്രാമത്തിലെ കുട്ടികൾ ഈ മരച്ചുവട്ടിൽ ഒത്തുകൂടുകയും സന്ധ്യായാകുന്നത് വരെ പലതരം കളികളുമായി അവിടെ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മരം എപ്പോഴും തിരക്കിലായിരുന്നു.
അങ്ങനെയിരിക്കെ തിരക്കു കുറഞ്ഞ ഒരു ദിവസം മരം തൻ്റെ അടുത്തു നിന്ന ഒരു ചെടിയെ ശ്രദ്ധിക്കുവാനിടയായി. ചെറിയൊരു കാറ്റടിച്ചപ്പോൾ തന്നെ ആ ചെടി കാറ്റിനൊപ്പം ആടി ഉലയുന്നത് മരം കണ്ടു. ഇതുകണ്ട മരം ആ ചെടിയോട് പരിഹാസത്തോടെ ചോദിച്ചു.
“നീ എന്തിനാണ് ഇങ്ങനെ കാറ്റിനൊപ്പം വളയുന്നത്? നിനക്ക് എന്നെ പോലെ വേരുകൾ മണ്ണിൽ ആഴത്തിലൂന്നി നിന്നു കൂടെ? എന്നെ കണ്ടോ ഞാൻ ഒരിക്കലും കാറ്റിനനുസരിച്ച് വളയാറില്ല. എപ്പോഴും തല ഉയർത്തി മാത്രമേ നില്ക്കാറുള്ളൂ.”
ഇതുകേട്ട ചെറിയ ചെടി മരത്തിനോട് പറഞ്ഞു.
“എൻ്റെ വേരുകൾക്ക് മണ്ണിൽ ആഴത്തിലൂന്നി നിൽക്കേണ്ട ശക്തിയില്ല. മാത്രമല്ല കാറ്റിനനുസരിച്ച് വളയുന്നതു കൊണ്ടാണ് ഞാൻ സുരക്ഷിതമായി നിൽക്കുന്നത്.”
ഇതുകേട്ട മരം ആ ചെടിയോട് അഹങ്കാരത്തോടെ പറഞ്ഞു
“നിനക്ക് ഇങ്ങനെ വളയുന്നത് കൊണ്ട് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? വേരുകൾ മണ്ണിൽ ആഴത്തിലൂന്നി നിൽക്കുമ്പോൾ നമ്മൾ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ കാറ്റിനനുസരിച്ച് വളയേണ്ട കാര്യവും നിനക്ക് ഉണ്ടാവുകയില്ല. അതുകൊണ്ട് വേരുകൾ മണ്ണിൽ ആഴത്തിലൂന്നി നിൽക്കൂ.”
വലിയ മരത്തിൻ്റെ അഹങ്കാരത്തോടെയുള്ള വാക്കുകൾക്ക് ആ ചെടി ഒന്നും തന്നെ മറുപടിയായി പറഞ്ഞില്ല. പകരം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ചെടിയുടെ പുഞ്ചിരി കണ്ടു ദേഷ്യം വന്ന മരം കൂടുതലൊന്നും പറയാതെ തൻ്റെ തിരക്കുകളിൽ മുഴുകി.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം വൈകുന്നേരമായപ്പോൾ ആ ഗ്രാമത്തിൽ ശക്തമായ ഒരു ചുഴലിക്കാറ്റ് വീശി. ആ കാറ്റ് അവിടെ നിന്ന മരങ്ങളെയെല്ലാം പിഴുതെറിഞ്ഞ് ശക്തമായി വീശിക്കൊണ്ടിരുന്നു. അപ്പോഴും ആ വലിയ മരം തൻ്റെ വേരുകൾ മണ്ണിലാഴ്ത്തി തലകുനിക്കാതെ തന്നെ നിന്നു. എന്നാൽ ചെറിയ ചെടിയാകട്ടെ കാറ്റിനനുസരിച്ച് ആടിയുലഞ്ഞും നിന്നു. രാത്രിയും കാറ്റ് ശക്തമായി തന്നെ വീശിക്കൊണ്ടിരുന്നു. ആർക്കും തന്നെ പുറത്തിറങ്ങുവാനോ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയുവാനോ കഴിഞ്ഞില്ല.
നേരം പുലർന്ന് കാറ്റിൻ്റെ ശക്തി കുറഞ്ഞപ്പോൾ എല്ലാവരും പുറത്തേയ്ക്ക് വന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച അവർ കണ്ടത്. അന്നുവരെ തലയുയർത്തി നിന്ന വലിയ മരം അവിടെ ഇല്ല. എന്നാൽ ആ മരത്തിൻ്റെ ചുവട്ടിൽ നിന്ന ചെറിയ ചെടി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു. മണ്ണോട് ചേർന്നു കിടന്ന ആ ചെടി പതിയെ തലപൊക്കി തൻ്റെ അടുത്തു നിന്ന മരത്തിനെ നോക്കി. അപ്പോഴാണ് ചെടി അത് കണ്ടത്.
അഹങ്കാരത്തോടെ തലയുയർത്തി നിന്ന മരം കുറച്ചകലെയായി പിഴുതെറിയപെട്ട നിലയിൽ കിടക്കുന്നു. ഇതു കണ്ട ചെറിയ ചെടിക്ക് വളരെയധികം ദുഃഖമായി. വീണു കിടന്ന മരത്തിനെ നിസ്സഹായതയോടെ നോക്കി നിൽക്കാനെ ആ ചെടിക്ക് കഴിഞ്ഞുള്ളൂ.```
🌻🍂🍃🌻🍂🍃🌻🍂
➿➿➿➿➿➿➿
➿➿➿➿➿➿➿
No comments:
Post a Comment