Monday, July 18, 2011

വിനോദയാത്ര

കഴിഞ്ഞ പോസ്റ്റില്‍ വിടുതല്‍ അറിയിപ്പൊക്കെ തന്നാണ് പോയതെങ്കിലും വീണ്ടും ഇവിടം വരെയൊന്നു വരേണ്ടിവന്നു, ആരും വഴക്ക് പറയല്ലേ , ഞാന്‍ വല്ലപ്പോഴും ഒന്ന് വന്നുനോക്കിയില്ലെങ്കില്‍ നിങ്ങളൊക്കെ എന്നെ മറന്നു പോകില്ലേ! അതുകൊണ്ടാണ് ഇനി ഈ ഏരിയയില്‍ കണ്ടാല്‍ കാല് തല്ലിഒടിക്കുമെന്ന ഉപ്പച്ചീടെ അന്യായവിധിക്കെതിരെ അഡ്വക്കേറ്റ്‌ അനിമാമിയുടെ വക്കാലത്ത് വഴി ഉമ്മച്ചീടെ കയ്യില്‍ നിന്നും സ്പെഷ്യല്‍ ഓര്‍ഡിനന്‍സ് സംഘടിപ്പിച്ച് ഞാന്‍ എത്തിയിട്ടുള്ളത്, പിന്നെ ഈ സീസണിലെ എന്‍റെ അവസാനത്തെ പോസ്റ്റ്‌ ഇതാണെന്ന് പറയാം, അതുകൊണ്ട് അന്ന് പറഞ്ഞതൊക്കെ പിന്‍വലിച്ചിരിക്കുന്നു.
ഞാന്‍ എന്‍റെ ഉമ്മച്ചിക്ക് കൊടുത്ത ഒരു വാഗ്ദാന നിര്‍വ്വഹണം കൂടിയാണ് ഈ പോസ്റ്റ് , നമ്മളൊരു വാക്ക് പറഞ്ഞാല്‍ അത് വാക്കായിരിക്കണമെല്ലോ! അതുകൊണ്ട് മാത്രം ഈ ഒരു തവണത്തെക്കുകൂടി ക്ഷമിക്കണം, എനിക്കീ ബ്ലോഗ് ഒന്ന് തുടങ്ങികിട്ടുവാനുള്ള ആക്രാന്തത്തിന്നിടയില്‍ നമ്മുടെ പ്രിയപ്പെട്ട നേതാക്കളെക്കാള്‍ ഗംഭീരമായി പലര്‍ക്കും പല വാഗ്ദാനങ്ങളും ഞാന്‍ നല്‍കിയിട്ടുണ്ട്, അതൊക്കെ ഇമ്മിണിവല്യ മണ്ടത്തരങ്ങളായിപ്പോയെന്നു ഇപ്പൊ തോന്നുന്നുണ്ടെങ്കിലും ഞമ്മളെകൊണ്ടാവുന്ന നിലക്കെല്ലാം അത് നിര്‍വ്വഹിക്കാന്‍ നോക്കുകയാണ് ഈ വൈകിയ വേളയിലെങ്കിലും.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpmMEXURvhZLVuSG1qvVRBuVtXbhlCVZc7bQhhIilcv_68ZCJDYhFAsfSQRk34l5S_NrMG8ilgEDz37D4qz6HuRzdhTLy2uAwKrwlDkLNNYpAVFTx9cfKxjXoHO400qtDVmVzXry5G3OY/s320/fgfwa.png

പണ്ട് പണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ പിറവികൊള്ളൂന്നതിനു കുറെകാലം മുമ്പ് എന്‍റെ ഉമ്മച്ചി വനിത, കന്യക, ആരാമം, പൂങ്കാവനം, മഹിളാ ചന്ദ്രിക എന്നിത്യാദി ക്ലാസ്സിക്ക്‌ പ്രസിദ്ധീകരണങ്ങള്‍ക്ക് മുതല്‍ക്കൂട്ടായ ഒരു എഴുത്തുകാരിയായിരുന്നു(ത്രേ), ഉമ്മച്ചിയുടെ തന്നെ സഹീഹായ റിപ്പോര്‍ട്ടാണ്, പിന്താങ്ങുവാന്‍ ഉപ്പച്ചിയും ഉള്ളപ്പോള്‍ നമുക്ക് തള്ളിക്കളയാനാവില്ലല്ലോ! വിശ്വാസം അതുതന്നെയാണല്ലോ എല്ലാം.
ഇനി ഇതില്‍ പറയാന്‍ പോകുന്ന ചരിത്രസംഭവത്തെ കുറിച്ച് എന്റേതായ ഒരു ആമുഖം, എന്‍റെ ഓര്‍മ്മ ശെരിയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലെ കനത്ത പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഈ മഹത്തായ സംഭവവികാസം ഉണ്ടായതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു, ഞങ്ങളുടെ വീടിന്നടുത്തുള്ള വയലുകളില്‍ വെള്ളം നിറഞ്ഞാല്‍ റോഡ്‌ തോടാവുന്നതും ഗതാഗതം തടസ്സപ്പെടുന്നതും എല്ലാ വര്‍ഷവും സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഇതിനെയും വെള്ളപ്പൊക്കം എന്നുതന്നെപറയണമെല്ലോ!
തൊണ്ണൂറ്റി ഒമ്പതില്‍ ജനിച്ച എനിക്കെക്കെങ്ങിനെ ഈ തൊണ്ണൂറ്റിഅഞ്ചിലെ ഓര്‍മ്മകളുടെ കാര്യം പറയാന്‍ കഴിയുമെന്നൊരു സംശയമല്ലേ ഇപ്പോ നിങ്ങടെ മനസ്സില്‍ തോന്നിയത്? അത് ന്യായം..പക്ഷെ ഓര്‍മ്മകള്‍ക്കുണ്ടോ അങ്ങിനെ വല്ല കൊല്ലോം കാലവുമൊക്കെ! ഹല്ല പിന്നെ,ഹ! ഹഹ!
എന്‍റെ ഉപ്പച്ചി കുവൈറ്റില്‍ നിന്നും ആദ്യം നാട്ടിലെത്തിയ സമയത്താണ് ഇവിടെ സൂചിപ്പിക്കുന്ന ഈ സംഭവം നടന്നിട്ടുള്ളത്, സംഗതി പറയാന്‍ തുടങ്ങുമ്പോള്‍ വല്യൊരു ആനക്കാര്യമാണെന്ന് തോന്നുമെങ്കിലും ഒടുവിലെത്തുമ്പോള്‍ ചെറിയൊരു ചേനാക്കാര്യമായി പോലും തോന്നില്ല എന്നതാണ് അതിന്‍റെ ഒരു ഒരു ഇത്..എത്..? അത് തന്നെ!

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDqwmjNb-ntIkoovGw4xeJeKvrMQGBc6z4xRUnILdixnOvn0ZrRwW-8qWk4IIW3D-xa4KR8W9cBdmJRIGKfvBlCHw6eAgQU6CEvC1wJWyZeU-7_gGv3OsKTtdx0eCs828vlnYC992yusY/s320/ownd.png

ആരാമം മാസികയുടെ രണ്ടര പേജില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുള്ള ആ ഒന്നൊന്നേമുക്കാല്‍ സംഭവം പകര്‍ത്തി വെറുതെ സമയം മിനക്കെടുത്താനൊന്നും എന്നെകൊണ്ട് വയ്യ, ഞാനത് എന്റേതായ ഒരു രീതിയില്‍ ചുരുക്കിപ്പറയാം, അതാണ്‌ നല്ലതെന്നാണ് എനിക്ക് തോന്നിയത്, നിങ്ങള്‍ക്കിനി മറിച്ചാണ് തോന്നുന്നതെങ്കില്‍ എന്നെക്കൊണ്ട് കൂട്ട്യാ കൂടാണ്ടാണെന്നു മനസ്സിലാക്കണെ പ്രിയരേ, ഇനി ഒറിജിനലെ വായിക്കൂ എന്നാണെങ്കില്‍ സംഗതി സ്കാന്‍ ചെയ്തത് താഴെ ചേര്‍ത്തിട്ടുണ്ട്. അത് വായിച്ചു ആത്മനിര്‍വൃതി കൊള്ളേണ്ടവര്‍ക്ക് അങ്ങിനെയും ആവാം , പിന്നെ വായിച്ചു കഴിഞ്ഞ് ഒടുവില്‍ എടി ചേനെ നീ പറഞ്ഞിട്ടല്ലേ അത് വായിച്ചതെന്നും പറഞ്ഞു എന്‍റെ മെക്കിട്ടുകേറാന്‍ വരരുത് എന്ന് ആത്മരക്ഷാര്‍ത്ഥമുള്ള മുന്നറിയിപ്പ്, ഞാനും അന്നീ ടുറിസ്റ്റ്‌ ഗ്രൂപ്പിന്‍റെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു കൊളമാക്കാമായിരുന്നു, അതിനു അവര് കൂടെ കൂട്ടണമായിരുന്നെങ്കില്‍ ഞാനൊന്ന് ജനിച്ചു കിട്ടണ്ടേ.?
ഇനി സംഭവത്തിലേക്ക്..


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOtYoyohBNJ1KcZVlerMYIB_NtRuCFZA83q2XeUo9pwNqeVvJ7OoBnpz9xDlDGS-oOOvRcAbO8cJfRlJwqjFF4m9YEpLcQoSMrCZ6rA641CzR0mGfsmdhNfwoz77wVSaJ7LILw-HmWr2Q/s320/UAE1.pngഎന്‍റെ ഉപ്പച്ചി, ഉമ്മച്ചി, നസ്മിതാത്ത(അന്ന് രണ്ടു വയസ്സ്) ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ സലീംക്ക ( സലിം മത്രംകോട്- ഇപ്പോള്‍ ഖത്തറില്‍ പെനിന്‍സുല പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ജേര്‍ണലിസ്റ്റായി ജോലി ) സലിംക്കാടെ ഭാര്യ ശംസിയത്ത, പിന്നെ എന്‍റെ നസിമാമ, അന്നത്തെ ഞങ്ങളുടെ ഡ്രൈവര്‍ ഇമ്പായിക്ക എന്നിവര്‍ കൂടി കണ്ണൂര്‍ ഇരിട്ടി മൈസൂര്‍ വഴി ഊട്ടിക്കൊരു വിനോദയാത്ര പോയതായിരുന്നു സംഭവം , വഴിയില്‍ ഇടയ്ക്കിടെ ഓരോരോ സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും കാണുന്നിടത്തെല്ലാം നിറുത്തി പുട്ടടിച്ചും തട്ടി മുട്ടി നീങ്ങിയ യാത്രയില്‍ ഉദ്ദേശിച്ച സമയത്ത് ഒരിടത്തുപോലും എത്തിച്ചേരാനായില്ല എന്നതാണ് ഈ ചരിത്ര സംഭവത്തിലെ പ്രധാന ആകര്‍ഷണം .

നമ്മുടെ റെയില്‍വേസ്റ്റേഷനുകളില്‍ ലേറ്റായി ഓടുന്ന ട്രെയിനുകളുടെ അറിയിപ്പ് പോലെ ഈ ലേഖനത്തില്‍ ഉടനീളം ഓരോരോ സന്ദര്‍ശന സ്ഥലങ്ങളിലും വൈകിയെത്തിയ മിനുട്ടുകളും മണിക്കൂറും ദിവസവുമെല്ലാം കിറു കൃത്യമായി ചേര്‍ത്തിട്ടുള്ളത് ഈ രചനയുടെ മാറ്റ് കൂട്ടുന്ന ഒരു ഘടകമാണെന്ന് പറയാതെ വയ്യ. ബ്രേക്ക്‌ ഫാസ്റ്റ്‌ , ഉച്ച ഭക്ഷണം ,കുളി, വിശ്രമം ,ഉറക്കം, പ്രാതല്‍ , ഫാസ്റ്റ്‌ ഫുഡ്‌ എന്നിങ്ങനെയുള്ള വാക്കുകള്‍ ഇടയ്ക്കിടെ കാണുമ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വേണ്ടിയാണോ വിനോദയാത്ര എന്ന പേരില്‍ ഇങ്ങിനെ ഒരു യാത്ര സംഘടിപ്പിച്ചതെന്ന് ശങ്ക തോന്നുന്നതില്‍ കുറ്റം പറയാനുമാവില്ല.

യാത്രയുടെ ആദ്യത്തെ പ്രധാന ലക്ഷ്യസ്ഥാനമായ മൈസൂര്‍ എത്തുമ്പോള്‍ തന്നെ വിനോദ വണ്ടി ആയിരത്തി നാനൂറ്റി നാല്‍പ്പതു മിനിട്ട് അഥവാ ഇരുപത്തിനാല് മണിക്കൂര്‍ ലേറ്റ്, അവിടെ എത്തിയ പാടെ റൂമെടുത്തു പ്രാതല്‍ കഴിച്ചു പിന്നെ വിശ്രമാനന്തരം കിടന്നുറങ്ങി, അതാണ്‌ കഥ , തുടക്കം തന്നെ ഇങ്ങിനെയാണെങ്കില്‍ പിന്നെത്തെ കാര്യം പറയാനുണ്ടോ!

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqF4Rd34F_OGj33dN5wo3KAbDwvjILe1dsBmCggiuynxdn94QDNyKcpoXe6K2X9W3shQhppIWZd53Smgl96-_slavAw9fO14i64tpyC6hp7xNn-B75zdcC1EyYZGsVJ1z34MkckuK8rTE/s320/ootty+lake.jpg


ലേഖനത്തില്‍ ആകെക്കൂടി എനിക്ക് രസമായി തോന്നിയ ഒരു സന്ദര്‍ഭം എതെന്നാല്‍ നമ്മുടെ വിനോദസംഘത്തിനു മൈസൂര്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടയില്‍ കര്‍ണ്ണാടകയിലെ ഒരു വഴി തടയല്‍ സമരം മൂലം മൂന്നുനാല് മണിക്കൂര്‍ പൊരിവെയിലത്ത്‌ നടുറോഡില്‍ കിടക്കേണ്ടി വന്നതും " ധിക്കാരാ ധിക്കാരാ ദേവഗൌഡ സര്‍ക്കാര്‍ക്ക് ധിക്കാരാ " എന്ന സമരക്കാരുടെ മുദ്രാവാക്യവുമാണ്, പിന്നെ പോലീസെത്താതിരുന്നതിനാല്‍ പ്രതിഷേധക്കാര്‍ സ്വയം സമരം അവസാനിപ്പിച്ചത് നമ്മുടെ നാട്ടിലെ സമരം നിത്യതൊഴിലാക്കിയവര്‍ക്ക് നല്ലൊരു മാതൃകയാണ്.

അങ്ങിനെ കാര്യങ്ങള്‍ മൊത്തത്തില്‍ പറയുകയാണെങ്കില്‍ സമരക്കാര്‍ കര്‍ണ്ണാടകക്കാര്, സമരം നടത്തുന്നത് കര്‍ണ്ണാടകക്കാര്‍ക്കെതിരെ, സര്‍ക്കാര്‍ കര്‍ണ്ണാടകക്കാര്, പോലീസും കര്‍ണ്ണാടകക്കാര്, അവിടെ കൂടിയവരും കര്‍ണ്ണാടകക്കാര് ,വരുന്നവരും പോകുന്നവരും കര്‍ണ്ണാടകക്കാര്, ആകെ മൊത്തം കര്‍ണ്ണാടകക്കാര്‍ക്കിടയില്‍ നമ്മുടെ കുറച്ച് വിനോദയാത്രക്കാര്‍ മാത്രം കര്‍ണ്ണാടകക്കാരല്ലാത്തവര്‍ ആകെ ഇടങ്ങേറായി പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളു.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb34_SrydBf5w-C7hIz-7jhcC4JSFnJfP3Zl8puzgXZuyQbAtxjLjWaS-VqzM41VtPlgPi8f3b1yqW1IZGzEx12pBeYCRyCOnb14zkwFfsUCUnJe-c6y_1s5wEMMGFEkqxc_NvzuQp11k/s320/stikers.jpg


അങ്ങിനെ കര്‍ണ്ണാടകക്കാരായ സമരക്കാര്‍ക്കിടയില്‍ നിന്നും ഒരുവിധത്തില്‍ തടിയൂരി അടുത്ത പട്ടണത്തില്‍ നിന്നും വീണ്ടും ഉച്ചയിലെ പുട്ടടി നേരംതെറ്റി വൈകീട്ട് ആറുമണിക്ക് കഴിഞ്ഞ് യാത്ര തുടരുന്നതിന്നിടയിലാണ് സംഭവത്തിന്‍റെ ക്ലൈമാക്സ് നടക്കുന്നത്, ഒറിജിനല്‍ ലേഖനത്തില്‍ പറയുന്നത് കാണുക "ഭയാനകമായൊരു ശബ്ദംകേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, വണ്ടി പെട്ടെന്ന് നിറുത്തിയതിന്റെ ആഘാതത്തില്‍ കയ്യും കാലും തലയുമൊക്കെ പലയിടത്തും തട്ടി വേദനിച്ചു, മോള്‍ സീറ്റില്‍ നിന്നും താഴേക്ക് ഉരുണ്ടു വീണു എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ പകച്ചു എതിരെ ലോഡുകയറ്റിയ ഒരു ലോറി കടന്നുപോയി.." ആ വിവരണം ഒരു മൂഡില്ലാത്ത രീതിയില്‍ അങ്ങിനെ നീണ്ടുപോവുന്നു, എന്നാല്‍ ഈ ഭാഗം ഞമ്മളാണ്‌ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുറച്ചു എരുവും പുളിയുമൊക്കെ ചേര്‍ത്ത് ഒരു പഞ്ച് വരുത്താമായിരുന്നു, ഉദാഹരണത്തിന് ഇതാ ഒരെണ്ണം "നേരം പാതിരാത്രി പന്ത്രണ്ടു മണികഴിഞ്ഞു പന്ത്രണ്ട് മിനിട്ടും പന്ത്രണ്ടു സെക്കന്റും, കണ്ണില്‍ കുത്തിയാല്‍ കാണാത്ത കൂരാകൂരിട്ടില്‍ അതിഘോരമായ ഇടതിങ്ങിയ കാട്, കാട്ടാനകളും കാട്ടുപോത്തുകളും,കാട്ടു പശുക്കളും ,കാട്ടാടുകളും കാട്ടുപൂച്ചകളും, കാട്ടുകോഴികളും കാട്ടുകാക്കകളും കലപിലയും കടിപിടിയും കൂടുന്ന കാട്, അവക്കിടയിലൂടെ അത്യഗാധമായ ഒരുകൊക്കയുടെ മുകളിലൂടെയുള്ള ഹെയര്‍ പിന്‍ വളവുകളുള്ള റോഡില്‍ ആ വിജനതയിലെ എകാന്തതയിലൂടെ ഞങ്ങളുടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു, പെട്ടെന്നാണ് വളവുതിരിഞ്ഞെത്തിയ ഒരു പാണ്ടിലോറി ലൈറ്റ്‌ ഡിം ചെയ്യാതെ ഞങ്ങളുടെ വണ്ടിക്കു മുന്നിലേക്ക്‌ പാഞ്ഞെത്തിയത് ആ ലോറിക്കു സൈഡ് കൊടുക്കുന്നതിന്നിടയിലാണ് അതി ഭയാനകവും അതി ഭീകരവുമായ ആ സംഭവം നടന്നത്" ഇങ്ങിനെ കുറച്ചു സസ്പെന്‍സും ത്രില്ലും ഒക്കെ കേറ്റി വേണ്ടേ സംഭവം പറയാന്‍! ഇനി നിങ്ങള്‍ തന്നെ പറ ഇങ്ങിനെ പറയുന്നതല്ലേ അതിന്റെ ഒരു ഇത്? ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ പോയ പുത്തി ആനപിടിച്ചാലും കിട്ടില്ലെന്നല്ലേ! അത് കൊണ്ട് അത് വിടാം

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIg78yecP1YcSp3b-mC-HPLbinpsYrNgU0_vxrWmJ9uiDxNI7-kgrhTl8RwH_M6FVBbetjpth8OKPYHsFVEg9GY8aOLk19RLBfv9WS-62Lz1rd7uuwtviz2imObVJxhiB_L6zdOamF4bE/s320/oootty+hill.jpg

.അങ്ങിനെ ഈ സംഭവത്തില്‍ അവരുടെ വണ്ടി ഒരു കല്‍ഭിത്തിയില്‍ തട്ടി കൊക്കയിലേക്ക് മറിയാതെ തടഞ്ഞു നിന്നു എന്നതാണ് കഥയുടെ ത്രെഡ്ഡ്, ഈ ഒരു ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഗാഡമായും അഗാധമായും അതി വിശാലമായും ചിന്തിച്ചിരുന്നുപോയി, ചിന്തിക്കണമെല്ലോ! കാരണം ആ കല്‍ഭിത്തി അവിടെ ഇല്ലായിരുന്നെങ്കില്‍! നിങ്ങളൊന്നു ഒന്നോര്‍ത്തുനോക്കിക്കേ.. ഇങ്ങിനെ ഇതെഴുതാനോ ഈ ലോകത്ത് ഞാനായി ജനിക്കാനോ ജീവിക്കാനോ കഴിയുമായിരുന്നോ? എന്തിനേറെ പറയുന്നു എന്റെ പൊടിപോലും ഉണ്ടാകുമായിരുന്നില്ലല്ലോ കണ്ടു പിടിക്കാന്‍...അത്ര തന്നെ.
( ആ അനുഭവക്കുറിപ്പ് വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി താഴെ ചേര്‍ക്കുന്നു )

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8KQ9HWzCo4qX70ivcNwDZCZYIabBdiFIaay3NmCZR4-VjVu61_dWFBTM4purZb_iA5rKE8sYaLAF07sKw3qY9JJhUNL2rzf3TycSJdJKAUb9T6XlQnA08TKWBVD5j0qlUCnzOTlaS4U8/s400/scan0006.jpg

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1X8X9KJPkFhcRrppm6RIzaCfUEBrvocn36LmkFA_bRvY3vZRSWovqMo2j0KZInPx-384wNVqQjizxdA3Uvt1Mqcia7EEMo4jMiYkWNTT18yXWEp9N0RssmMkyHh2EGul4r6sKcqzJfyU/s400/scan0007.jpg

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbm7AUV_jsFBWvwas_kZXR9g6cJ_R2C-8LDwNIz5yYhlTOBN755yoa6BH0qYGSSkFcWuzMc3nLDPy0RjbiPlhAwv43EJggWlRa_rVtLaH9PBE4g94HCUHOMYijYkK6OzbxXgFh26UnW6g/s320/scan0008.jpg

No comments:

Post a Comment