Friday, July 1, 2011

വീഴ്ചയില്ലാത്ത സ്നേഹം

http://mangalam.com/imagemanagement/albums/userpics/10025/normal_Luv_1.jpg

പ്രണയത്തിന്റെ അതിതീവ്രമായ ആ മുഹൂര്‍ത്തത്തില്‍ ഒരുപക്ഷേ സന്തോഷംകൊണ്ട്‌ ദൈവത്തിന്റെ കണ്ണുനിറഞ്ഞുകാണും. പ്രേമം അനശ്വരമാണെന്ന്‌ ലോകത്തെ കാണിച്ചു കൊടുക്കാന്‍ ദൈവത്തിന്‌ ഇതിലും വലിയൊരു തെളിവു കിട്ടില്ലല്ലോ. ജൂണ്‍ 29ന്‌ കൊല്ലത്തെ ഉണ്ണീശോ പള്ളിയില്‍ നടന്നത്‌ ഒരു സാധാരണ വിവാഹമായിരുന്നില്ല. വരന്‍ വധുവിന്റെ കൈ പിടിച്ചല്ല വന്നത്‌. സന്ധ്യയെ കൈകളില്‍ കോരിയെടുത്താണ്‌ ജഗദീഷ്‌ ദേവാലയത്തില്‍നിന്നു പുറത്തേയ്‌ക്ക് വന്നത്‌. പോളിയോ ബാധിച്ച്‌ രണ്ടു കാലും തളര്‍ന്ന പെണ്‍കുട്ടിയെയാണ്‌ ജഗദീഷ്‌ ഒന്‍പതുവര്‍ഷം പ്രണയിച്ചതും ജീവിതത്തിലേക്ക്‌ കൂടെ കൂട്ടിയതും.

അടുത്തടുത്ത സ്‌ഥലങ്ങളില്‍ ജനിച്ചുവളര്‍ന്നവരാണ്‌ ജഗദീഷും സന്ധ്യയും. ബാല്യത്തിലേ പരസ്‌പരം അറിയുന്നവര്‍. എല്ലാവരും സഹതാപക്കണ്ണുകൊണ്ട്‌ നോക്കിയിരുന്ന പെണ്‍കുട്ടി. സമപ്രായക്കാര്‍ ഓടിക്കളിക്കുമ്പോള്‍ വീട്ടിലിരുന്ന്‌ സങ്കടത്തോടെ നോക്കാനായിരുന്നു സന്ധ്യയുടെ വിധി. ഒരു വയസില്‍ വില്ലനായെത്തി കാലു തളര്‍ത്തിക്കളഞ്ഞത്‌ പോളിയോ വാക്‌സിനാണ്‌. സ്‌കൂളിലേക്കുള്ള യാത്രകള്‍ ഓട്ടോറിക്ഷയിലായിരുന്നു. സ്‌കൂളും വീടും മാത്രമായിരുന്നു സന്ധ്യയുടെ ലോകം.

ൈപ്രമറി ക്ലാസുകളില്‍ മാത്രമേ വീടിനടുത്ത്‌ പഠിച്ചുള്ളൂ. പിന്നീട്‌ പ്ലസ്‌ടുവരെ പത്തനാപുരത്തെ ആശാഭവനില്‍. അദ്ധ്യാപകരും കൂട്ടുകാരും സന്ധ്യയെ സ്‌നേഹത്തോടെ വിളിച്ചത്‌ മാമ്മോദീസ പേരായ ലൂര്‍ദ്ദ്‌ മേരിയെന്നാണ്‌. ജഗദീഷിനെ എങ്ങനെയാണ്‌ പരിചയപ്പെട്ടതെന്ന്‌ ചോദിക്കുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ നാണം വിരിഞ്ഞു. എല്ലാം ജഗദീഷ്‌ പറയുമെന്നായിരുന്നു മറുപടി.

''
ബോര്‍ഡിംഗില്‍നിന്ന്‌ അവധിക്ക്‌ വരുമ്പോള്‍ സന്ധ്യയെ കാണാറുണ്ടായിരുന്നു. അന്നേ സഹതാപത്തിലുപരി ഇഷ്‌ടമായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരി വഴി എന്റെ ഇഷ്‌ടം അറിയിച്ചു. മറുപടി ഒന്നും കിട്ടിയില്ല. ഓണത്തിനും ക്രിസ്‌മസിനുമൊക്കെയേ നാട്ടിലെത്താറുള്ളൂ. കൂട്ടുകാരോടൊക്കെ ഇക്കാര്യം പറയുമ്പോള്‍ ഞാന്‍ തമാശ പറയുന്നതാണെന്നാണ്‌ എല്ലാവരും കരുതിയത്‌.'' ജഗദീഷ്‌ പറയുന്നു.

''
വെറുതെ തമാശയ്‌ക്ക് ഇഷ്‌ടമാണെന്നു പറഞ്ഞ്‌, പിറകെ നടക്കാനാണെന്ന്‌ അറിയില്ലല്ലോ. ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല. കൂട്ടുകാരിയാണ്‌ ഞങ്ങളുടെയിടയില്‍ ഹംസമായത്‌. ഞാന്‍ എത്ര നിരുത്സാഹപ്പെടുത്തിയിട്ടും പിന്‍മാറില്ലെന്ന മനസിലായി. എന്റെ കുറവുകളും പ്രശ്‌നങ്ങളും അറിഞ്ഞുകൊണ്ട്‌ ഒരു ജീവിതം വച്ചുനീട്ടുമ്പോള്‍ അത്‌ തള്ളിക്കളയാന്‍ തോന്നിയില്ല.'' സന്ധ്യയുടെ വാക്കുകളില്‍ കൃതാര്‍ഥത.

"
സ്‌നേഹം ആത്മാര്‍ത്ഥതയോടെയാണെന്ന്‌ തോന്നിയപ്പോള്‍ തിരിച്ചും ഇഷ്‌ടമാണെന്ന്‌ കൂട്ടുകാരിയോട്‌ പറഞ്ഞു. ഫോ ണ്‍വിളിയും കത്തുമില്ല. അവധിക്ക്‌ വല്ലപ്പോഴും വരുമ്പോള്‍ ദൂരെനിന്നു കാണും. ചിലപ്പോള്‍ രണ്ടുവാക്ക്‌ സംസാരിക്കും. ഇടയ്‌ക്ക് ഹോസ്‌റ്റലിലേക്ക്‌ വിളിക്കും. പ്ലസ്‌ടു കഴിഞ്ഞതോടെ കൊല്ലത്ത്‌ കമ്പ്യൂട്ടര്‍ കോഴ്‌സിന്‌ ചേര്‍ന്നു. പുറത്തുവച്ച്‌ ഇടയ്‌ക്ക് കാണും, സംസാരിക്കും. സ്‌നേഹം കൂടുതല്‍ തീവ്രമായി തുടങ്ങിയത്‌ ഈ സമയത്താണ്‌; എന്തു വന്നാലും പിരിയില്ല, ഒരുമിച്ച്‌ ജീവിക്കണം എന്ന്‌ തീരുമാനമെടുത്തതും.'' ജഗദീഷിന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച്‌ സന്ധ്യ പറയുന്നു.

http://mangalam.com/imagemanagement/albums/userpics/10025/normal_Luv_2.jpg

''സന്ധ്യയുടെ അച്‌ഛന്റെ വള്ളത്തിലായിരുന്നു കടലില്‍ പോയിരുന്നത്‌. എനിക്കന്ന്‌ 20 വയസേ കാണൂ. മോളേ ഇഷ്‌ടമാണ്‌, വിവാഹം കഴിക്കാന്‍ താല്‌പര്യമുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ഇവരുടെ വീട്ടില്‍ വലിയ പ്രശ്‌നമായി. വള്ളത്തില്‍നിന്ന്‌ എന്നെ ഒഴിവാക്കി. എന്നാലും ഞങ്ങള്‍ തമ്മില്‍ ഇടയ്‌ക്കിടെ കാണും. ക്ലാസിന്‌ പുറത്തുപോയി തനിയെ സംസാരിക്കണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ട്‌. ഒരിക്കല്‍ ഞങ്ങള്‍ ഐസ്‌ക്രീം പാര്‍ലറില്‍ പോയി. കുറച്ചുനേരം സംസാരിച്ചിരുന്നു. സന്ധ്യയ്‌ക്ക് രണ്ട്‌ അനിയന്‍മാരും ഒരു അനുജത്തിയുമാണ്‌. പുറത്തുപോയത്‌ ഇവളുടെ വീട്ടിലറിഞ്ഞ്‌ ആകെ പ്രശ്‌നമായി. പിന്നീട്‌ അങ്ങനെയുള്ള സാഹസത്തിനൊന്നും മുതിര്‍ന്നില്ല.

വള്ളത്തില്‍നിന്ന്‌ പുറത്താക്കിയതോടെ കൊല്ലത്ത്‌ നില്‌ ക്കാന്‍ താല്‌പര്യമില്ലാതായി. മംഗലാപുരത്തുപോയി. അവിടെയും മത്സ്യബന്ധനം തന്നെ. ഇവിടെയുള്ള കൂട്ടുകാര്‍ ഉണ്ടായിരുന്നു. തമ്മില്‍ കാണാതായിരുന്നപ്പോഴാണ്‌ സന്ധ്യയോടുള്ള ഇഷ്‌ടത്തിന്റെ ആഴം മനസിലായത്‌. മൂന്നും നാലും മാസം കൂടുമ്പോഴേ നാട്ടില്‍ വരാറുള്ളൂ. മംഗലാപുരത്തുനിന്ന്‌ ആഴ്‌ചയിലൊരിക്കല്‍ ഫോണ്‍ ചെയ്യും. കൂട്ടുകാരും വീട്ടുകാരും ആദ്യം ഈ ബന്ധത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഞാനതില്‍നിന്ന്‌ പിന്‍മാറില്ലെന്നുറപ്പായതോടെ ഒന്നും പറയാതെയായി.

സന്ധ്യയുടെ വീട്ടുകാര്‍ക്ക്‌ ഈ ബന്ധത്തെ അന്നും ഇന്നും ഇഷ്‌ടമായിരുന്നില്ല. സ്വാഭാവികമായി വീട്ടിലും എതിര്‍പ്പുണ്ടായി. മകന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക? അവസാനം എന്റെ ആഗ്രഹം മനസിലാക്കി എല്ലാ കാര്യങ്ങളിലും അവരെന്റ കൂടെ നിന്നു.

ഇതിനിടെ കണ്‍മുമ്പിലൂടെ കടന്നുപോയത്‌ ഒന്‍പത്‌ വര്‍ഷം. എന്തുവന്നാലും സന്ധ്യയുടെ വീട്ടുകാര്‍ വിവാഹം നടത്തിത്തരില്ലെന്ന്‌ മനസിലായി. എന്നാലും എന്റെ വീട്ടുകാരെ അയച്ച്‌ വിവാഹാലോചന നടത്തി."കാലുവയ്യാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ താല്‌പര്യമില"്ല എന്നായിരുന്നു മറുപടി. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത്‌ സന്ധ്യയെ മാത്രമായിരിക്കുമെന്ന്‌ ഞാനും തീരുമാനിച്ചു.

http://mangalam.com/imagemanagement/albums/userpics/10025/normal_Luv_3.jpg

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഞങ്ങളുടെ ഇഷ്‌ടം അറിയാമായിരുന്നു. കഴിഞ്ഞ ക്രിസ്‌മസിന്‌ ആദ്യമായി ഞാനവള്‍ക്കൊരു സമ്മാനം കൊടുത്തു. ഉണ്ണീശോയുടെയും മാതാവിന്റെയും യൗസേപ്പ്‌ പിതാവിന്റെയും പടമുള്ള ഒരു ക്രിസ്‌മസ്‌ കാര്‍ഡ്‌. ഞാന്‍ വളരെയധികം നിര്‍ബന്ധിച്ചതിനുശേഷമാണ്‌ ഇവള്‍ അത്‌ വാങ്ങിയത്‌.

"
വേറെയാരെയും പ്രേമിക്കാന്‍ തോന്നിയില്ലേ. നടക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടി മാത്രമേ നിന്റെ കണ്ണില്‍പ്പെട്ടുള്ളല്ലോ?"എന്ന്‌ ചോദിച്ചവരുണ്ട്‌. സന്ധ്യയെ എനിക്കിഷ്‌ടപ്പെട്ടു. ഇവളുടെ കുറവുകള്‍ അറിഞ്ഞുകൊണ്ടാണ്‌ ഞാന്‍ സ്‌നേഹിച്ചത്‌. അതെന്താണെന്നറിയില്ല. ആരോഗ്യമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം അവളുടെ കാലുകള്‍ക്ക്‌ എന്തെങ്കിലും പറ്റിയാലും സഹിക്കേണ്ടേ. അതുപോലെയാണെന്ന്‌ കരുതിയാല്‍ പോരേ. ദൈവവിശ്വാസിയാണ്‌ ഞാന്‍. അദ്ധ്വാനിക്കാന്‍ ആരോഗ്യവുമുണ്ട്‌. അതുള്ളിടത്തോളം സന്ധ്യയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വാസവുമുണ്ട്‌.

"
ആ ബോധ്യത്തിലാണ്‌ വിവാഹാഭ്യര്‍ത്ഥന നടത്തിയത്‌. അവര്‍ എതിര്‍ത്തു. മെയ്‌മാസത്തില്‍ സന്ധ്യ ഫോണില്‍ വിളിച്ച്‌ "എന്നെ കൂട്ടിക്കൊണ്ടുപോകണം. അല്ലെങ്കില്‍ ആത്മഹത്യചെയ്യും" എന്നു പറഞ്ഞതോടെ ഒന്നും ആലോചിച്ചില്ല. കൂട്ടുകാരെയും കൂട്ടി സന്ധ്യയെ വിളിച്ചുകൊണ്ടു പോന്നു.

"
ഇനി സന്ധ്യയുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി എന്തായാലും വിവാഹം നടക്കില്ലെന്നു മനസിലായി. ആദ്യം എതിര്‍ത്തെങ്കിലും എന്റെ മാതാപിതാക്കളും കൂട്ടുകാരും എല്ലാം കാര്യത്തിലും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളെയും അയല്‌പക്കംകാരെയും വിളിച്ച്‌ ചെറിയൊരു സദ്യയൊരുക്കി. കേട്ടറിഞ്ഞ്‌ കുറേപ്പേരെത്തി. എങ്ങനെയാണെന്നറിയില്ല പിറ്റേ ദിവസം പത്രത്തിന്റെ ഒന്നാം പേജില്‍ പളളിയില്‍ സന്ധ്യയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ വന്നു. എത്ര പേരാണ്‌ നമ്പര്‍ തേടിപ്പിടിച്ച്‌ വിളിച്ചത്‌! ഇക്കാലത്തും നല്ല മനസുളളവരുണ്ടല്ലോ, ഫോട്ടോ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നാണ്‌ എല്ലാംവര്‍ക്കും പറയാനുണ്ടായിരുന്നത്‌. സന്ധ്യയ്‌ക്കൊരു ജീവിതം കൊടുത്തത്‌ വലിയ ത്യാഗമാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല.ആദ്യമായിട്ട്‌ ഇഷ്‌ടം തോന്നിയ പെണ്‍കുട്ടി എന്നും കൂടെയുണ്ടാകണമെന്നു തോന്നി.

http://mangalam.com/imagemanagement/albums/userpics/10025/normal_Luv_4.jpg

"പത്രത്തില്‍ വന്നതോടെ കാലു ചികിത്സിച്ച്‌ ശരിയാക്കാന്‍ റോട്ടറി ക്ലബ്ലുകള്‍ സഹായം വാഗ്‌ദാനം ചെയ്‌തു. ക്രച്ചസ്‌ വാങ്ങി തരാമെന്നു പറഞ്ഞു. പക്ഷേ ക്രച്ചസ്‌ ഉപയോഗിക്കാനുളള ആരോഗ്യം സന്ധ്യയുടെ കാലുകള്‍ക്ക്‌ ഇല്ല. ഏറ്റവും വലിയ സങ്കടം കല്യാണത്തിന്‌ സന്ധ്യയുടെ വീട്ടുകാര്‍ സഹകരിച്ചില്ലെന്നതാണ്‌. ''

ജഗദീഷ്‌ പറയുമ്പോള്‍ സന്ധ്യയുടെ മുഖത്ത്‌ സങ്കടം നിറയുന്നു. '' അവര്‍ വരുമായിരിക്കും. കല്യാണശേഷം ഞങ്ങള്‍ ഊട്ടിയ്‌ക്കു പോയി കേട്ടോ. സന്ധ്യയുടെ ആദ്യ ഊട്ടി യാത്ര. നടക്കാന്‍ പറ്റില്ലാത്തതുകൊണ്ട്‌ വല്ലപ്പോഴുമേ യാത്ര പോകാറുളളൂ. അടുത്തൊരു കാത്തലിക്‌ പ്രസില്‍ സന്ധ്യയ്‌ക്കു ഡി.റ്റി. പി ജോലി കിട്ടിയിട്ടുണ്ട്‌. ഓട്ടോയിലാണു യാത്ര.എന്നും ഈ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാ ന്‍ അനുഗ്രഹിക്കണമേയെന്ന്‌ മാത്രമേ പ്രാര്‍ത്ഥനയുളളൂ. ''

ചെറിയ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കില്‍ പങ്കാളിയെ ഉപേക്ഷിക്കണമെന്നു തോന്നുന്നവര്‍ക്കു മുന്നില്‍ ജഗദീഷ്‌ ചെയ്‌തതു വലിയ കാര്യമാണ്‌.

No comments:

Post a Comment