Friday, July 1, 2011

ആരോഗ്യത്തിന് ചില പൊടിക്കൈകൾ




---:



കുഞ്ഞുങ്ങള്‍ക്ക് നാട്ടുമരുന്ന്‌
ഡോ. ടി.പി.ഉദയകുമാരി

തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്​പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക അമ്മമാരും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ അടുത്തുതന്നെയുണ്ട്. ഒന്ന് തൊടിയിലേക്ക് കണ്ണോടിക്കണമെന്നുമാത്രം. ഇനി ചുമയും പനിയുമൊക്കെ വന്നാല്‍ ഈ മരുന്നൊക്കെ പരീക്ഷിച്ചു നോക്കൂ.

തുളസി: ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങള്‍. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കിനോക്കൂ. ഇവയെല്ലാം പമ്പകടക്കും. ദിവസവും രാവിലെ രണ്ടോ മൂന്നോ തുളസിയില കഴിക്കാന്‍ കൊടുക്കണം. തുമ്മല്‍ മുതലായ അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ കുറക്കാനും സഹായിക്കും.

പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് ഇവയ്ക്ക് തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടാം.

പനിക്കൂര്‍ക്കില (കഞ്ഞിക്കൂര്‍ക്കില): കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ തീര്‍ച്ചയായും വളര്‍ത്തേണ്ട ചെടിയാണിത്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്ക് നല്ലതാണ്.

പനിക്കൂര്‍ക്കില വാട്ടി അതിന്റെ മുകളില്‍ അല്പം രാസ്‌നാദി പൊടി പുരട്ടി നെറുകയിലിടുന്നത് മൂക്കടപ്പ് കുറയ്ക്കും.

ഇഞ്ചി: ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒൗഷധമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ദഹനക്കുറവ്, വയറിളക്കം, പനി എന്നിവ ശമിക്കും.

കറിവേപ്പില: അരച്ചുരുട്ടി കൊടുക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. കഫത്തോടുകൂടിയ വയറിളക്കത്തിനും നല്ലതാണ്. കറിവേപ്പില, ചുക്ക്, മഞ്ഞള്‍ ഇവയിട്ട്

കാച്ചിയ മോര് ദഹനക്കുറവ് ഇല്ലാതാക്കും. അലര്‍ജിക്ക് കറിവേപ്പിലയും മഞ്ഞളും അരച്ചുരുട്ടി കഴിപ്പിക്കാം.

ആടലോടകം: ഇതിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് ചുമ, ആസ്ത്മ എന്നിവയ്ക്ക് നല്ലതാണ്.

മഞ്ഞള്‍: ഓടിച്ചാടി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് മുറിവുകള്‍ പതിവാണ്. അതിന് ഏറ്റവും ഫലപ്രദമായ ആന്റിസെപ്റ്റിക് ഔഷധമാണ് ഇത്. മഞ്ഞള്‍പ്പൊടി മുറിവില്‍ വിതറുന്നത് പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. പച്ച മഞ്ഞള്‍, പുളിയില ഇവ അരച്ച് പുരട്ടിയാല്‍ പ്രാണികള്‍ കടിച്ചുണ്ടാകുന്ന വീക്കം ശമിക്കുന്നു. പച്ചമഞ്ഞള്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം മുറിവുകഴുകാനും മറ്റും ഉപയോഗിക്കാം.

ബ്രഹ്മി: ബ്രഹ്മിനീര് വെണ്ണയിലോ നെയ്യിലോ ചേര്‍ത്ത് പതിവായി കൊടുക്കുന്നത് ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കും. ഒരു ടീസ്​പൂണ്‍ നെയ്യില്‍ അര ടീസ്​പൂണ്‍ ബ്രഹ്മിനീര് ചേര്‍ത്താണ് കൊടുക്കേണ്ടത്. ബ്രഹ്മിയുടെ നീര് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് മലബന്ധത്തെ ഇല്ലാതാക്കും.

മുത്തിള്‍ (കുടങ്ങല്‍): ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരൗഷധം. ഇതിന്റെ നീരില്‍ തേന്‍ചേര്‍ത്ത് കൊടുക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.

മുത്തങ്ങ: കുട്ടികള്‍ക്ക് ദഹനത്തിന് ഏറ്റവും നല്ലതാണ്. അരച്ച് മോരില്‍ കാച്ചി നല്‍കാം. കടുക്ക ചേര്‍ത്ത് ചതച്ച് മോരില്‍ കലക്കിക്കൊടുത്താല്‍ മലബന്ധവും മാറിക്കിട്ടും.

ആര്യവേപ്പ്: ത്വക് രോഗങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഔഷധമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം. ഇല അരച്ച് പുരട്ടുന്നത് സന്ധികളിലെ വേദന, വീക്കം ഇവ കുറക്കും.





--

No comments:

Post a Comment